പൊലീസ് പിടിയിലായ ത്രിപര്‍ണ പൈകും അവരുടെ വളര്‍ത്തുനായയും.
വളര്‍ത്തുനായയുടെ കഴുത്തറുത്ത് തുണിയില്‍ പൊതിഞ്ഞുവച്ചതിനു ശേഷം താമസിച്ചിരുന്ന ഫ്ലാറ്റ് പൂട്ടി സ്ഥലം കാലിയാക്കി യുവതി.ബെംഗളൂരുവിലെ മഹാദേവപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ത്രിപര്‍ണ പൈക് (38) എന്ന യുവതിയാണ് ക്രൂരകൃത്യം ചെയ്തത്. ദുര്‍മന്ത്രവാദമാണോ നായയെ കൊല്ലാന്‍ ത്രിപര്‍ണയ്ക്ക് പ്രേരണയായതെന്ന സംശയത്തില്‍ പൊലീസ്. രണ്ടു നായ്ക്കളെ കൂടി ഫ്ലാറ്റിനുള്ളില്‍ വെള്ളവും ഭക്ഷണവും നല്‍കാതെ കെട്ടിയിട്ടിരിക്കുന്നതും പൊലീസ് പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
രുദ്രേഷ് കുമാര്‍ എന്ന മൃഗഡോക്ടര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഫ്ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പ്രദേശത്ത് അസഹനീയമായ ഗന്ധം പരക്കുന്നുവെന്നും എന്താണെന്ന് കാരണമെന്ന് കണ്ടെത്തണമെന്നുമായിരുന്നു അയല്‍വാസികളുടെ ആവശ്യം. പൊലീസെത്തി പരിശോധിച്ചപ്പോള്‍ അടച്ചിട്ടിരിക്കുന്ന ഫ്ലാറ്റില്‍ നിന്നാണ് ദുര്‍ഗന്ധം വമിക്കുന്നതെന്ന് കണ്ടെത്തി. ഫ്ലാറ്റിന്‍റെ വാതില്‍ പൊളിച്ചുള്ള പരിശോധനയില്‍ കണ്ടത് ഹൃദയഭേദകമായ രംഗമായിരുന്നു.
കഴുത്തറുത്ത നിലയില്‍ കിടക്കുന്ന നായയുടെ ജഡമാണ് പൊലീസ് കണ്ടെത്തിയത്. കൊലയ്ക്കു ശേഷം നായയെ ഒരു തുണിയില്‍ പൊതിഞ്ഞുവച്ചിരിക്കുന്നതാണ് പൊലീസ് കണ്ടത്. തൊട്ടടുത്തുതന്നെ പട്ടിണിക്കോലമായ രണ്ട് നായ്ക്കള്‍ കുരയ്ക്കാന്‍ പോലും ആരോഗ്യമില്ലാതെ തുടലിട്ട് ബന്ധിച്ച നിലയില്‍ കിടക്കുന്നു. ഫ്ലാറ്റിനുള്ളില്‍ നിറയെ പല ദൈവങ്ങളുടെ ചിത്രങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. പൂജാകര്‍മങ്ങള്‍ നടന്നതിനു ശേഷമുള്ള രീതിയിലായിരുന്നു ഫ്ലാറ്റാകെ കിടന്നത്. ഇതോടെ ഫ്ലാറ്റില്‍ എന്തെങ്കിലും ദുര്‍മന്ത്രവാദക്രിയകള്‍ നടന്നിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്.
ത്രിപര്‍ണ പൈക് ഫ്ലാറ്റിനുള്ളില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തുനായകള്‍.
ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തിയ രണ്ട് നായ്ക്കള്‍ നിലവില്‍ ചികില്‍സയിലാണ്. ചത്ത നായയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതില്‍ നായ ചത്തിട്ട് നാലു ദിവസമായിട്ടുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. നായയ്ക്ക് കൃത്യമായി ഭക്ഷണം പോലും നല്‍കിയിരുന്നില്ല എന്നും കണ്ടെത്തി. ദുര്‍മന്ത്രവാദമാണോ അതോ യുവതിയുടെ മാനസിക ആരോഗ്യനിലയിലെ പ്രശ്നങ്ങളാണോ ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്ന് വിശദമായി അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് കേസില്‍ പ്രതിയായ ത്രിപര്‍ണ പൈക്.