വിവാഹേതര ബന്ധം ഭര്‍ത്താവ് കണ്ടുപിടിച്ചതോടെ അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യ. കര്‍ണാടകയിലെ തുംകൂരില്‍ ജൂണ്‍ 24നാണ് സംഭവമുണ്ടായത്. 50കാരനായ ശങ്കരമൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ സുമംഗലയെയും കാമുകന്‍ നാഗരാജുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

തനിച്ച് ഫാംഹൗസില്‍ താമസിക്കുകയായിരുന്നു ശങ്കരമൂര്‍ത്തി. ഭാര്യ സുമംഗല തിപ്തുറിലെ ഗേള്‍സ് ഹോസ്റ്റലിലെ പാചകക്കാരിയായി ജോലി ചെയ്തു വരികയുമായിരുന്നു. ഇവിടെ വച്ച് സുമംഗല നാഗരാജുവെന്നയാളുമായി പ്രണയത്തിലായി. പ്രണയം സുമംഗലയുടെ ഭര്‍ത്താവറിഞ്ഞതോടെ ഒഴിവാക്കാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ചു. ഭര്‍ത്താവിനൊപ്പം നില്‍ക്കുന്നതിനെന്ന വ്യാജേനെ ഫാം ഹൗസിലേക്കെത്തിയ സുംമംഗല ഉറക്കമെഴുന്നേറ്റ് വന്ന ശങ്കരമൂര്‍ത്തിയുടെ കണ്ണിലേക്ക് മുളകുപൊടി വാരിയിട്ടു. കണ്ണുനീറി നിലത്തുവീണതോടെ വിറകിന് പൊതിരെ തല്ലി അവശനാക്കി. 

കുതറി മാറാന്‍ ശങ്കരമൂര്‍ത്തി ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. നിലത്തു വീണ ശങ്കരമൂര്‍ത്തിയുടെ കഴുത്തില്‍ കാലുകൊണ്ടമര്‍ത്തി സുമംഗല വകവരുത്തുകയായിരുന്നു. തുടര്‍ന്ന് കാമുകനായ നാഗരാജുവിനെ വിളിച്ച് വിവരമറിയിച്ചു. ഇയാളെത്തിയതോടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞുകെട്ടി 30 കിലോ മീറ്റര്‍ അകലെയുള്ള വയലിലെ കിണറ്റില്‍ ഉപേക്ഷിച്ചു.

ശങ്കരമൂര്‍ത്തിയെ കൃഷിയിടത്തിലും വീട്ടിലും കാണാതായതോടെ പണിക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. അന്വേഷിച്ചെത്തിയ പൊലീസ് വീടിനുള്ളില്‍ നടത്തിയ വിശദമായ പരിശോധനയിലാല്‍ കട്ടിലില്‍ മുളക് പൊടി ചിതറിക്കിടക്കുന്നതും പിടിവലി നടന്ന ലക്ഷണങ്ങളും കണ്ടെത്തിയത്. ഇതോടെ സംശയമായി. തുടര്‍ന്ന് ഭാര്യയായ സുമംഗലയെ ചോദ്യം ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും ഫോണ്‍ രേഖകളടക്കം ശേഖരിച്ചതോടെ സുമംഗല ഫാം ഹൗസിലെത്തിയതായി തെളിഞ്ഞു. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്തതോടെ സുമംഗല കുറ്റം സമ്മതിക്കുകയായിരുന്നു. 

ENGLISH SUMMARY:

In a shocking incident, a wife brutally murdered her husband after he discovered her illicit affair. She reportedly threw chili powder in his eyes and then stomped him to death, highlighting a gruesome act driven by exposure.