തൃശൂർ നല്ലെങ്കരയിൽ പൊലീസിനെ ഗുണ്ടാസംഘം ആക്രമിച്ച കേസില്‍ ഗുണ്ടകള്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ കഴിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍. മാനസികാരോഗ്യ ചികില്‍സ തേടുന്നവര്‍ക്കു നല്‍കുന്ന ഗുളികകള്‍ സ്ഥലത്തു നിന്ന് കണ്ടെടുത്തു. ഈ ഗുളിക കഴിച്ചാല്‍ രോഗികള്‍ തളര്‍ന്നുറങ്ങുകയാണ് പതിവ്. മദ്യത്തിനും കഞ്ചാവിനുമൊപ്പം ലഹരി കിട്ടാന്‍ ഈ ഗുളിക കൂടി കഴിച്ചാണ് സ്വബോധം നഷ്ടപ്പെട്ട് പൊലീസിനെ ആക്രമിച്ചത്.

അതേസമയം, സംഭവത്തില്‍ പരാതി നല്‍കിയത് പ്രതികളായ അല്‍ത്താഫിന്റെയും അഹദിലിന്റെയും അമ്മയാണ്. ‌‌അല്‍ത്താഫും അഹദും ചേര്‍ന്ന് നല്‍കിയ പാര്‍ട്ടിയിലാണ് മറ്റുള്ളവര്‍ എത്തിയത്. പുലര്‍ച്ചെ മൂന്നു മണിക്ക് വീടിന്‍റെ വാതില്‍ പൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ മക്കളും കൂട്ടാളികളും ശ്രമിച്ചപ്പോഴായിരുന്നു അമ്മ പൊലീസിനെ വിളിച്ചത്. മക്കളും ഗുണ്ടകളും ആക്രമിക്കാന്‍ ശ്രമിച്ചെന്നായിരുന്നു അമ്മയുടെ പരാതി. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസിനെ സംഘം ആക്രമിക്കുകയായിരുന്നു. പൊലീസ് വന്ന ശേഷം അമ്മ വീടിനു പുറത്തിറങ്ങിയോടി അടുത്ത വീട്ടില്‍ അഭയം തേടി.

വടിവാളും കമ്പിവടികളുമായാണ് പൊലീസിനെ ആക്രമിച്ചത്. നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. ഇവരെ സഹായിക്കാന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും മണ്ണുത്തിയില്‍ നിന്നും പൊലീസ് ജീപ്പില്‍ ഉദ്യോഗസ്ഥരെത്തി. അവരേയും ആക്രമിച്ചു. മൂന്നു ജീപ്പുകള്‍ തല്ലിതകര്‍ത്തു. ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ എത്തിയാണ് പാടത്ത് ഒളിച്ചിരുന്ന ആറു ഗുണ്ടകളേയും ഓടിച്ചിട്ട് പിടികൂടിയത്. മൂന്നു പൊലീസ് ജീപ്പുകള്‍ തകര്‍ത്ത വകയില്‍ നഷ്ടം നാലു ലക്ഷം രൂപയാണ്. അമ്മയുടെ പരാതിപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

നിലവില്‍ കൊലക്കേസ് പ്രതി ബ്രഹ്മജിത്തും ഷാർബലും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. അൽത്താഫ്, സഹോദരൻ അഹദിൽ, ആഷ് വിൻ, സഹോദരൻ ഇവിൻ എന്നിവരെയാണ് ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്. നല്ലെങ്കരയിൽ വാടകയ്ക്കു താമസിക്കുകയാണ് അൽത്താഫ്, അഹദിൽ സഹോദരൻമാര്‍. ഏഴു പേരായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ഇതില്‍ സ്റ്റേഷന്‍ റൗഡിയായ ബ്രഹ്മജിത്തിനെതിരെ കൊലക്കേസ് ഉള്‍പ്പെടെ എട്ടു ക്രിമിനല്‍ കേസുകളുണ്ട്. ബ്രഹ്മജിത്തിന്‍റെ കൈകാലുകള്‍ ഒടിഞ്ഞനിലയിലാണ്. കൂട്ടുപ്രതികള്‍ക്കും പരുക്കുകളുണ്ട്. 

ENGLISH SUMMARY:

A violent gang attack unfolded in Thrissur’s Nallemkara after police responded to a complaint from a mother against her sons, Althaf and Ahadil, who had hosted a late-night party. The gang, reportedly under the influence of psychiatric medication, alcohol, and cannabis, assaulted officers using swords and iron rods. Four policemen were injured, three jeeps were vandalized, and damages are estimated at ₹4 lakh. The gang included wanted criminal Brahmajith, who now remains hospitalized. Seven accused have been identified, several remanded, and a detailed investigation is underway.