പത്തനംതിട്ടയില്‍ ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസ് അട്ടിമറിയില്‍ എസ്.പി.വരുത്തിയത് ഗുരുതര വീഴ്ചകള്‍ എന്ന് റിപ്പോര്‍ട്ട്. എസ്.പിയുടെ വീഴ്ച മറയ്ക്കാനാണ് കോന്നി ഡിവൈ.എസ്.പിയേയും സി.ഐയേയും സസ്പെന്‍ഡ് ചെയ്തത് എന്നും ആരോപണം ഉണ്ട്. പ്രതി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നുകാട്ടി നല്‍കിയ പരാതി എസ്.പി. മുക്കിയെന്നാണ് CWC ചെയര്‍മാന്‍റെ പരാതി. പതിനാറുവയസുകാരിയെ അഭിഭാഷകന്‍ മദ്യംനല്‍കി പീഡിപ്പിച്ചെന്ന കേസില്‍ തുടരെ വീഴ്ചകളാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
പെണ്‍കുട്ടിയുടെ പിതാവ് 2024ഓഗസ്റ്റില്‍ പരാതി നല്‍കിയത് അന്നത്തെ എസ്പി സുജിത് ദാസിനാണെങ്കിലും തുടര്‍ന്നു വന്ന എസ്പി വി.ജി.വിനോദ്കുമാര്‍ ഇടപെട്ടില്ല. പീഡനം നടന്നില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ തുടര്‍നടപടി ഉണ്ടായില്ല. ഇതിലും എസ്.പി.ഇടപെട്ടില്ല. പെണ്‍കുട്ടി2024ഡിസംബറില്‍ പരാതി നല്‍കിയതോടെ കോന്നി പൊലീസ് എഫ്ഐആര്‍ഇട്ട് ആറന്‍മുള പൊലീസിന് കൈമാറി.ആറന്‍മുള പൊലീസിന്‍റെ നടപടി 48മണിക്കൂര്‍ വൈകിയത് പ്രതി നൗഷാദിന് സഹായമായി.
കേസെടുത്ത് ഉടന്‍ പെണ്‍കുട്ടിയുടെ ബന്ധുവായ രണ്ടാംപ്രതി അറസ്റ്റിലായി. ഒന്നാംപ്രതിയെ ആറ് മാസമായിട്ടും കിട്ടിയില്ല.ഒരു റിവ്യൂമീറ്റിങ്ങില്‍ പോലും എസ്.പി.ആറന്‍മുള പൊക്സോ കേസ് പരാമര്‍ശിച്ചില്ല. പോക്സോ കേസില്‍ രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിബന്ധന.ഇതിലും എസ്.പി.ഇടപെട്ടില്ല.
പരാതി ഡിഐജിഅജിതാ ബീഗത്തിന്‍റെ അടുത്തെത്തിയതോടെ എസ്.പി.സ്വയം രക്ഷയ്ക്ക് വേണ്ടി കോന്നി ഡിവൈഎസ്പിയുടേയും സിഐയുടേയും വീഴ്ച കാട്ടി റിപ്പോര്‍ട്ട് നല്‍കി.ഇവര്‍ സസ്പെന്‍ഷനിലുമായി.പീഡനം നടന്നില്ലെന്ന് പെണ്‍കുട്ടി പറയുന്ന വിഡിയോയും,സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ മറുപടിയും എസ്.പി.യുടെ ഇടപെടലില്‍ പൊതുരേഖ ആയെന്നും ഇത് കോടതിയില്‍ പ്രതിക്ക് സഹായമാകും എന്നുമാണ് ആരോപണം.
ആറുമാസത്തിനിടെ പ്രതിയുടെ ഫോണ്‍ പലവട്ടം ഓണായെങ്കിലും പിടികൂടാന്‍ ശ്രമം ഉണ്ടായില്ല. പ്രതിയെ പിടികൂടാന്‍ ആറന്‍മുള സിഐയും പത്തനംതിട്ടയിലെ അന്നത്തെ ഡിവൈഎസ്പിയും മടിച്ചു. കിട്ടിയിട്ടും വിട്ടുകളഞ്ഞതായും ആരോപണം ഉണ്ട്. പ്രതിയും,പ്രതിയുടെ ഭാര്യയും അതിജീവിതയെ കാണാനും കേസ് അട്ടിമറിക്കാനും ശ്രമിക്കുന്നു എന്ന് കാട്ടി എസ്.പി.ക്ക് നല്‍കിയ പരാതി പൂഴ്ത്തി എന്നാണ് സിഡബ്ള്യുസി ചെയര്‍മാനായിരുന്ന എന്‍.രാജീവിന്‍റെ പരാതി. കേസിന്‍റെ തുടക്കംമുതല്‍ പ്രതികളെ സഹായിക്കും വിധം എസ്പി അനാസ്ഥ കാണിച്ചു എന്നാണ് റിപ്പോര്‍ട്ട്.