മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടു കൊല്ലാൻ കാരണം വീടും സ്ഥലവും എഴുതി നൽകാത്തതിലുള്ള പക. വിവാഹം കഴിക്കാൻ ബാങ്കിൽ നിന്നും വായ്പ എടുക്കാനാണ് വീടും സ്ഥലവും ആവശ്യപ്പെട്ടത്. ഇതിനെ എതിർത്തതാണ് ബന്ധുവായ സ്ത്രീയെയും ആക്രമിക്കാനുള്ള കാരണം.മഞ്ചേശ്വരം വൊർക്കാടിയിൻ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. മദ്യപിച്ച് വീട്ടിലെത്തിയ മെൽവിൻ അമ്മ ഹിൽഡയെ മർദിച്ചു. തളർന്നുവീണ അമ്മയെ വീടിന് പിന്നിലെ കുറ്റിക്കാട്ടിൽ എത്തിച്ച്, വീട്ടിൽ സൂക്ഷിച്ചിരുന്ന ടിന്നർ ഒഴിച്ച് തീകൊളുത്തി.
തുടർന്ന് ഇവരുടെ അയൽവാസിയും ബന്ധുവുമായ ലോലിറ്റയുടെ വീട്ടിലെത്തി അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടി ക്കൊണ്ടുവന്നു. വീട്ടിനകത്ത് കടന്നയുടൻ ലോലീറ്റയെ പ്രതി മർദിക്കുകയും തീ കൊളുത്തുകയുമായിരുന്നു. ഇതിനിടയിൽ ഓടിരക്ഷപ്പെട്ട ഇവർ അയൽക്കാരെ വിവരമറിയിച്ചു. സംഭവത്തിനുശേഷം മംഗളൂരുവിലേക്ക് കടന്ന പ്രതിയെ വ്യഴാഴ്ച ഉച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്തത്.
അമ്മയുടെ പേരിലുള്ള വീടും സ്ഥലവും ബാങ്ക് വായ്പ എടുക്കുന്നതിന് എഴുതിക്കൊടുക്കാത്തതിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് മൊഴി. വിവാഹം കഴിക്കാൻ വായ്പ എടുക്കുന്നതിനാണ് വീടും സ്ഥലവും ആവശ്യപ്പെട്ടതെന്നും ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു. തനിക്ക് വീടും സ്ഥലവും നൽകാതിരിക്കാൻ അമ്മയെ ഉപദേശിച്ചത് ബന്ധുവായ ലോലിറ്റിയാണ്. അതിനാലാണ് അവരെയും കൊല്ലാൻ ശ്രമിച്ചതെന്നാണ് മെൽവിൻ മൊഴി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.