പ്രതീകാത്മക ചിത്രം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്ന് സ്വയം ജീവനൊടുക്കി പതിനേഴുകാരന്‍. ഈ ക്രൂരകൃത്യം സമൂഹമാധ്യമത്തില്‍ ആണ്‍കുട്ടി പങ്കുവച്ചിട്ടുമുണ്ട്. പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെയാണ് പതിനേഴുകാരന്‍ കൊലപ്പെടുത്തിയത്. ജാര്‍ഖണ്ഡിലെ ലോഹാര്‍ധാഗയിലാണ് സംഭവം. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
സെറെങ്ധാങ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വനമേഖലയോട് ചേര്‍ന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തത്. ധാണ്ടു എന്ന ഗ്രാമത്തില്‍ നടന്ന രഥയാത്രയില്‍ ഇരുവരും കൂട്ടുകാര്‍ക്കൊപ്പം പങ്കെടുത്തിരുന്നു. ഇവിടെ നിന്ന് മടങ്ങിയശേഷമാണ് ആണ്‍കുട്ടി പെണ്‍കുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു ശേഷം മരക്കൊമ്പില്‍ തൂങ്ങിമരിച്ചത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പലയിടത്തായി കുത്തേറ്റ പാടുകളുമുണ്ട്. കൊലപാതകം മുഴുവനായി ആണ്‍കുട്ടി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. കൊലയ്ക്കു ശേഷം പെണ്‍കുട്ടിക്കൊപ്പം സെല്‍ഫിയും എടുത്തു. ചോരപുരണ്ട കത്തിയടക്കം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്താണ് പതിനേഴുകാരന്‍ തൂങ്ങിമരിച്ചത്.
രഥയാത്രയ്ക്കു ശേഷം മടങ്ങുമ്പോള്‍ ഇരുവരും തമ്മില്‍ ചെറിയ പ്രശ്നങ്ങളുള്ളതായി തോന്നിയിരുന്നുവെന്ന് കൂട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കാട്ടിനുള്ളില്‍ നിന്ന് പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഗ്രാമവാസികള്‍ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും പതിനേഴുകാരന്‍ ഓടിരക്ഷപ്പെട്ടു. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായും പൊലീസ് വ്യക്തമാക്കി.