ഹരിയാനയിൽ ഭർതൃഗൃഹത്തിൽ യുവതിയെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകത്തിനു മുൻപ് മരുമകളെ ബലാത്സംഗം ചെയ്തിരുന്നുവെന്നും ഇതിനായി മകന്റെ സഹായം പിതാവ് തേടിയെന്നുമാണ് മൊഴി. ഏപ്രിലിൽ നടന്ന സംഭവത്തിനു പിന്നാലെ യുവതിയെ കാണാനില്ലെന്ന് യുവതിയുടെ സഹോദരി പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം ഭർതൃഗൃഹത്തിന് പുറത്തെ കുഴിയിൽ നിന്ന് കണ്ടെത്തിയത്.
ഉത്തർപ്രദേശിലെ സിക്കോഹാബാദ് സ്വദേശിനിയായ തനു സിങ്ങിന്റെ മൃതദേഹമാണു കണ്ടെത്തിയത്. ഫരീദാബാദിലെ റോഷൻ നഗർ സ്വദേശിയായ അരുൺ സിങ്ങിനെ രണ്ടു വർഷം മുൻപാണു തനു വിവാഹം കഴിച്ചത്. ഏപ്രിൽ 14നാണ് യുവതിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന ഭർത്താവും ഭർതൃപിതാവും ചേർന്ന് നടത്തിയത്. ഇതിനായി യുപിയിലെ എറ്റയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ഭർതൃമാതാവിനെ ഇവർ പറഞ്ഞയച്ചു. തുടർന്ന് ഏപ്രിൽ 21ന് രാത്രി, യുവതിയുടെ ഭക്ഷണത്തിൽ ഭർത്താവ് ഉറക്കഗുളികകൾ കലർത്തി. രാത്രി വൈകി മുറിയിൽ കയറിയ ഭർതൃപിതാവ് കൊലപാതകത്തിനു മുൻപ് മരുമകളെ ബലാത്സംഗം ചെയ്യുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി മകനെ മുറിയിലേക്ക് വിളിച്ചു. തുടർന്ന് മൃതദേഹം പൊതിഞ്ഞു വീടിന് സമീപത്തുള്ള കുഴിയിലേക്ക് തള്ളി.
തനുവും ഭർത്താവും കുടുംബവും താമസിച്ചിരുന്ന വീടിനോടു ചേർന്നുള്ള പൊതുവഴിയിൽ പുതുതായി കോൺക്രീറ്റ് ചെയ്ത കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് മാസം മുൻപ് മലിനജലം ഒഴുക്കിവിടുന്നതിനുള്ള ഓട നിർമിക്കാനായി ഇവിടെ കുഴിച്ചിരുന്നുവെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു. മലിനജലം ഒഴുകിപോകാൻ വീട്ടിൽ ശരിയായ സംവിധാനമില്ലെന്ന് പറഞ്ഞാണ് തനുവിന്റെ ഭർതൃപിതാവ് കുഴിയെടുത്തത്. കുഴി എടുത്ത ഉടൻ പെട്ടെന്ന് മൂടുകയും മുകളിൽ സിമന്റ് സ്ലാബ് സ്ഥാപിക്കുകയും ചെയ്തിരുന്നു. കുഴിയെടുക്കുന്നത് അയൽവാസികൾ കണ്ടിരുന്നതായും പറയുന്നു.