എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ 19 കാരനെ കൊലപ്പെടുത്തി ഉറ്റസുഹൃത്തുക്കള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം സമൂഹമാധ്യമങ്ങളില്‍ റീല്‍സ് നിര്‍മ്മിക്കാനും അതുവഴി പണം സംമ്പാദിക്കുകയുമായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിനായി യുവാവിന്‍റെ കയ്യിലുള്ള ഐഫോണ്‍ കൈക്കലാക്കാനായിരുന്നു കൊലപാതകം. കഴിഞ്ഞ ആഴ്ച നടന്ന അരുംകൊലയില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... അമ്മാവന്‍റെ വിവാഹത്തിനായാണ് 19 കാരനായ ഷാദാബ് അന്‍സാരി ബഹ്റൈച്ചിലെത്തിയത്. വിവാഹത്തിന് ശേഷമുള്ള വിരുന്നിന് തൊട്ടുപിന്നാലെ ജൂണ്‍ 20ന് യുവാവിനെ കാണാതാകുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തുകയും ചെയ്തു. അഴുകാന്‍ ആരംഭിച്ച നിലയില്‍ ഗ്രാമത്തില്‍ നിന്ന് 500 മീറ്റല്‍ മാത്രം അകലെ ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിലായിരുന്നു മൃതദേഹം.
പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവാവിന്‍റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്താനും കയ്യിലുള്ള ഐഫോണ്‍ തട്ടിയെടുക്കാനും പദ്ധതിയിട്ടതായി പൊലീസ് കണ്ടെത്തിയത്. വിഡിയോ ചിത്രീകരിക്കാം എന്നും പറഞ്ഞാണ് കാണാതായ ദിവസം യുവാവിനെ പ്രതികള്‍ ഒഴിഞ്ഞ കെട്ടിടത്തിലെത്തിക്കുന്നത്. തുടര്‍ന്ന് ഇഷ്ടിക കൊണ്ട് ക്രൂരമായി മര്‍ദിച്ചശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിന്‍റെ കയ്യിലുള്ള വിലകൂടിയ ഐഫോണുമായി ഇവര്‍ കടന്നു കളഞ്ഞു.
നിലവില്‍ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന രണ്ട് പ്രതികളും പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവര്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സുല്‍ഫിക്കര്‍, രാജു നേതാജി എന്ന ആബേദ് അഹമ്മദ് എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഷാദാബിനെ കാണാതായതായി പരാതി നല്‍കിയിട്ടും പൊലീസ് കൃത്യമായി അന്വേഷണം നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്. യുവാവിന്‍റെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.