കണ്ണൂർ പയ്യന്നൂർ അന്നൂരിൽ വയോധികയുടെ കഴുത്തിൽ കത്തി വെച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ. കരിവള്ളൂർ കൂക്കാനം സ്വദേശി രാജേന്ദ്രനെയാണ് പോലീസ് പിടികൂടിയത്. 66 കാരിയായ സാവിത്രിയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയാണ് രാജേന്ദ്രൻ സ്വർണമാലയും കമ്മലും കൈക്കലാക്കിയിരുന്നത്.
മൂന്നുമാസം മുൻപ് സാവിത്രിയുടെ വീട്ടിൽ മരം മുറിക്കാൻ വന്ന തൊഴിലാളികളിൽ ഒരാളാണ് രാജേന്ദ്രനെന്ന് മനസ്സിലായതോടെയാണ് പ്രതിയിലേക്ക് പോലീസ് എളുപ്പത്തിൽ എത്തിയത്. സ്വർണാഭരണങ്ങൾ പ്രതി കാഞ്ഞങ്ങാടുള്ള ജ്വല്ലറിയിൽ കൊണ്ടുപോയി വെച്ചുമാറ്റുകയും പുതിയ സ്വർണം പയ്യന്നൂരിൽ കൊണ്ടുവന്ന് വിൽക്കുകയും ചെയ്തു. വിറ്റു കിട്ടിയ കാശില്‍ നിന്ന് ഷർട്ട് വാങ്ങിയശേഷം ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പയ്യന്നൂർ ബസ്റ്റാൻഡിൽ വച്ച് പോലീസ് പിടിയിലാകുന്നത്.