കോഴിക്കോട് 100 കിലോ പഴകിയ ചിക്കന്‍ പിടികൂടി. നഗരത്തിലെ ഹോട്ടലുകളില്‍ വിതരണം ചെയ്യുന്നതിനായി മലപ്പുറത്തു നിന്ന് എത്തിച്ച ഇറച്ചിയാണ് പിടികൂടിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ചിക്കന്‍ എത്തിച്ചതെന്ന് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്‍റ് കമ്മീഷണര്‍ സക്കീര്‍ ഹുസൈന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ശീതീകരണ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ യാതൊരു മാനദണ്ഡവും പാലിക്കാതെ തുറന്ന വാഹനത്തിലാണ് ചിക്കന്‍ വിതരണത്തിന് എത്തിച്ചത്. മലപ്പുറത്തു നിന്നും രാവിലെ ഏഴ് മണിക്ക് ചിക്കനുമായി എത്തിയ വാഹനം കോഴിക്കോട് നഗരത്തിലെ കടകളില്‍ എത്തിക്കുമ്പോള്‍ പഴകിയിരുന്നു. കാക്ക കൊത്തി വലിക്കുന്ന നിലയിലായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടുന്ന സമയത്ത് വാഹനത്തില്‍ ഇറച്ചി സൂക്ഷിച്ചിരുന്നത്.
പിടികൂടിയ നൂറ് കിലോ ചിക്കന്‍ നശിപ്പിച്ചു കളയുമെന്നും, കൂടുതല്‍ പരിശോധന നടത്തുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അസിസ്റ്റന്‍റ് കമ്മീഷണര്‍ സക്കീര്‍ ഹുസൈന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. നഗരത്തിലെ പല ഹോട്ടലുകളിലും ഷവര്‍മ വില്‍പ്പന കേന്ദ്രങ്ങളിലേക്കുമാണ് ചിക്കന്‍ വിതരണത്തിനായി എത്തിച്ചത്. കൊണ്ടുവന്ന ഇറച്ചിയില്‍ പകുതിയില്‍ അധികവും വിതരണം ചെയ്തു കഴിഞ്ഞിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ വിതരണം ചെയ്യുന്ന ഇറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍ക്കെതിരെയും ആളുകള്‍ക്കെതിരെയും നടപടി ശക്തമാക്കാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ തീരുമാനം.