ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ നവവരന്‍ തേജേശ്വര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യയും ഭാര്യ മാതാവും കസ്റ്റഡിയില്‍. ഇരുവരുടെയും കാമുകനും ബാങ്ക് ജീവനക്കാരനുമായ തിരുമല്‍ റാവുവുമായി ഗൂഡാലോചന നടത്തിയാണ് കൊലപാതകം പ്ലാന്‍ ചെയ്തത്. സംഭവത്തില്‍ തേജേശ്വറിന്‍റെ ഭാര്യ ഐശ്വര്യ, ഭാര്യ മാതാവ് സുജാത എന്നിവരാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 17 നാണ് ലാന്‍ഡ് സര്‍വേയറായ തേജേശ്വറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
വിവാഹത്തിന് ഒരു മാസത്തിന് ശേഷം ജൂണ്‍ 17 നാണ് തേജേശ്വറിനെ കാണാതാകുന്നത്. അന്നു തന്നെ കുര്‍ണൂലില്‍ നിന്നും 30-40 കിലോമീറ്റര്‍ അകലെയുള്ള സുഗലിമിറ്റയില്‍ മൃതദേഹം കണ്ടെത്തി. ശരീരത്തില്‍ കത്തികൊണ്ടേറ്റ മുറിവുകളോടെ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. ഭൂമി അളക്കാനെന്ന വ്യാജേന തേജേശ്വറിനെ ഒരു സംഘം വിളിച്ചു കൊണ്ടുപോവുകയും ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.
തേജേശ്വറിനെ മൃതദേഹം ലഭിച്ചതിന് പിന്നാലെ കുടുംബം ഭാര്യയുടെ പങ്ക് ആരോപിച്ചിരുന്നു. ഐശ്വര്യയ്ക്കും അമ്മ സുജാതയും ഒരു ബാങ്ക് ജീവനക്കാരനുമായി പ്രണയത്തിലായിരുന്നു എന്നാണ് തേേജശ്വറിന്‍റെ കുടുംബത്തിന്‍റെ ആരോപണം. പൊലീസ് അന്വേഷണത്തില്‍ ഇയാളാണ് തേജേശ്വറിനെ കൊല്ലാന്‍ വാടക കൊലയാളികളെ ഏര്‍പ്പാടാക്കിയതെന്ന് കണ്ടെത്തി. ഐശ്വര്യയും സുജാതയും ഗൂഡാലോചന. ബാങ്ക് ജീവനക്കാരനായ തിരുമല്‍ റാവു ഒളിവിലാണ്.
തന്‍റെ ബാങ്കില്‍ സ്വീപ്പറായി ജോലി ചെയ്തിരുന്ന ഐശ്വര്യയുടെ അമ്മ സുജാതയുമായാണ് തിരുമല്‍ റാവു ആദ്യം ബന്ധത്തിലാകുന്നത്. അമ്മയ്ക്ക് പകരം ഐശ്വര്യ ജോലിക്കെത്തിയപ്പോഴാണ് ഇരുവരും തമ്മിലുള്ള ബന്ധം വളർന്നത്. ഈ ബന്ധം അവസാനിപ്പിക്കാനും തേജേശ്വറുമായി വിവാഹത്തിന് സമ്മതിക്കാനും ഐശ്വര്യയെ അമ്മ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ തിരുമല്‍ റാവുവുമായുള്ള ബന്ധം തുടര്‍ന്ന ഐശ്വര്യ വിവാഹത്തിന് മുന്‍പ് ഒളിച്ചോടിയിരുന്നു.
സ്ത്രീധനത്തെ ചൊല്ലിയുള്ള കുടുംബ സമ്മർദം കാരണം സുഹൃത്തിന്‍റെ വീട്ടിലേക്ക് മാറി നില്‍ക്കുകയായിരുന്നു എന്നാണ് ഐശ്വര്യ തേജേശ്വറിനെ അറിയിച്ചത്. ആദ്യത്തെ എതിര്‍പ്പിന് ശേഷം മേയ് 18 നാണ് ഐശ്വരും തേജേശ്വറും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം കൂടുതല്‍ നേരെ ഫോണില്‍ സംസാരിക്കുന്നതും വൈകാരികമായി അകന്നു നില്‍ക്കുന്നതും തേജേശ്വറിന് സംശയം തോന്നിയിരുന്നതായി കുടുംബം ആരോപിച്ചു. വിവാഹത്തിന് ശേഷവും ഐശ്വര്യയും തിരുമല്‍ റാവുവും തമ്മിൽ രണ്ടായിരത്തിലധികം കോളുകൾ വന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
കാമുകനുമായുള്ള ബന്ധം എതിര്‍ത്തതിനാലും തേജേശ്വറിന്‍റെ സ്വത്ത് കൈക്കലാക്കാനുംവേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കൊലപാതരത്തിനായി വാടക കൊലയാളികളെ ഏര്‍പ്പാടാക്കിയത് തിരുമല്‍ റാവുമാണ്. കൊലപാതക സംഘത്തിനൊപ്പം ഇയാള്‍ സ്വന്തം ഡ്രൈവറെ അയച്ചതായും പൊലീസ് കണ്ടെത്തി. നിലവില്‍ കസ്റ്റഡിയിലുള്ള ഐശ്വര്യയും സുജാതയും ഗൂഡാലോചനയിലെ പങ്ക് സമ്മതിച്ചതായാണ് വിവരം. തിരുമല്‍ റാവുവിനും മറ്റ് കൊലയാളികള്‍ക്കുമായുള്ള തിരച്ചില്‍ തുടരുകയാണ്.