പശുക്കളെ കടത്തിക്കൊണ്ടു പോയി എന്ന് ആരോപിച്ച് ദലിത് യുവാക്കള്‍ക്ക് നേരെ ക്രൂര പീഡനം. ഒഡിഷയിലെ ഗഞ്ചാം ജില്ലയിലാണ് ഗോ രക്ഷകര്‍ യുവാക്കളെ ആക്രമിച്ചത്. സംഭവത്തില്‍ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു.
പശുവിനേയും രണ്ട് പശുകുട്ടികളേയും വാങ്ങി വരുകയായിരുന്നു ബാബുല നായക്, ബുലു നായക് എന്നീ യുവാക്കള്‍. ഇതിനിടിയ്ക്ക് ഗോ സംരക്ഷകര്‍ തടഞ്ഞുനിര്‍ത്തുകയും 30,000 രൂപ തരണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ഇത്രയും പണം തങ്ങളുടെ കയ്യില്‍ ഇല്ലെന്ന് പറഞ്ഞതും ജനക്കൂട്ടം ഇവരെ ആക്രമിക്കാന്‍ തുടങ്ങി. യുവാക്കളുടെ തല നിര്‍ബന്ധപൂര്‍വം മുണ്ഡനം ചെയ്തു. നിര്‍ബന്ധിച്ച് പുല്ല് കഴിപ്പിക്കുകയും ഒരു കിലോമീറ്ററിലേറെ മുട്ടില്‍ നടത്തിക്കുകയും ചെളിവെള്ളം കുടിപ്പിക്കുകയും ചെയ്തു. യുവാക്കളുടെ കയ്യിലുണ്ടായിരുന്ന 700 രൂപയും മൊബൈല്‍ ഫോണുകളും തട്ടിയെടുത്തു. യുവാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദ്വാരകോട്ട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ചന്ദ്രിക സ്വെയ്ന്‍ പറഞ്ഞു.
സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വെറുപ്പ് സാധാരണവല്‍ക്കരിക്കപ്പെട്ടെന്നും ജാതീയമായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നിരഞ്ജന്‍ പട്നയിക് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ജാതി ഇന്ന് ഒരു പ്രശ്‌നമല്ലെന്ന് പറയുന്നവര്‍ക്കുള്ള കണ്ണാടിയാണ് ഈ സംഭവമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ദളിതരുടെ അന്തസിനെ ഹനിക്കുന്ന ഓരോ സംഭവവും ദാദാ സാഹെബിന്‍റെ ഭരണഘടനയ്ക്കുമേലുള്ള അക്രമമാണ്. ഇത്തരം സംഭവങ്ങൾ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ സാധാരണമാകുകയാണ്, കാരണം അവരുടെ രാഷ്ട്രീയം പടുത്തുയർത്തുന്നത് വെറുപ്പിന്റെയും ശ്രേണീകരണത്തിന്റെയും അടിസ്ഥാനത്തിലാണ്. പ്രത്യേകിച്ച് ഒഡീഷയിൽ പട്ടികജാതിക്കാരോടും പട്ടികവർഗക്കാരോടും സ്ത്രീകളോടുമുള്ള അതിക്രമങ്ങൾ ഭീതിജനകമായി വർധിക്കുകയാണ്.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുകയും കർശനമായി ശിക്ഷിക്കുകയും വേണം. ഈ രാജ്യം ഭരിക്കേണ്ടത് ഭരണഘടനയുടെ അടിസ്ഥാനത്തിലായിരിക്കണം, മനുസ്മൃതിയുടെ അടിസ്ഥാനത്തിലാകരുതെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.