ലഹരിമരുന്ന് കേസിൽ തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്തു. രക്ത സാമ്പിളിൽ ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതും മുൻ എ.ഐ.എ.ഡി.എം.കെ. പ്രവർത്തകന്റെ മൊഴിയുമാണ് നിർണ്ണായകമായ ഈ അറസ്റ്റിലേക്ക് നയിച്ചത്.
ഇന്ന് രാവിലെയാണ് ആൻ്റി നർക്കോട്ടിക് ഇൻ്റലിജൻസ് വിഭാഗം ശ്രീകാന്തിനെ നുങ്കമ്പാക്കത്തെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. രക്തപരിശോധനയിൽ ലഹരിമരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നേരത്തെ നുങ്കമ്പാക്കത്തെ ഒരു പബ്ബിൽ നടന്ന അടിപിടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ.ഐ.എ.ഡി.എം.കെ. ഐ.ടി. വിങ് പ്രവർത്തകനായിരുന്ന പ്രസാദിനെ ചോദ്യം ചെയ്തപ്പോഴാണ് ശ്രീകാന്തിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്.
പ്രസാദിൽ നിന്ന് 40-ലേറെ തവണ ശ്രീകാന്ത് ലഹരിമരുന്ന് വാങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ഗ്രാമിന് 12,000 രൂപ നിരക്കിലാണ് ലഹരിമരുന്ന് നൽകിയിരുന്നതെന്ന് പ്രസാദ് പൊലീസിന് മൊഴി നൽകിയതായും വിവരമുണ്ട്. ഇത് സംബന്ധിച്ച് നാലര ലക്ഷത്തോളം രൂപയുടെ ഗൂഗിൾ പേ ട്രാൻസാക്ഷനുകൾ ശ്രീകാന്ത് നടത്തിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സിനിമ മേഖലയിൽ നിന്നുള്ള കൂടുതൽ പേർക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.