കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർത്ഥികളിൽ നിന്ന് ക്രൂരമായ റാഗിങ് നേരിട്ടതായി പരാതി. സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ പതിനഞ്ചോളം സീനിയർ വിദ്യാർഥികൾ ചേർന്നാണ് കുട്ടിയെ മർദിച്ചത്. അവർ നൽകിയ മിഠായി കഴിക്കാത്തതാണ് ആക്രമണത്തിന് കാരണമെന്ന് വിദ്യാർഥിയുടെ കുടുംബം പറയുന്നു. മർദനമേറ്റ വിദ്യാർഥി നിലവിൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
റാഗിങ് വിഷയത്തിൽ സ്കൂൾ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വിദ്യാർത്ഥിയുടെ ബന്ധുക്കൾ ആരോപിച്ചു. റാഗിങ് നടന്ന വിവരം സ്കൂൾ അധികൃതർ കുടുംബത്തെ അറിയിച്ചില്ലെന്നും മറ്റൊരു കുട്ടിയാണ് മർദനവിവരം തങ്ങളെ അറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. പുതിയ സ്കൂളിലെത്തി മൂന്നാം ദിവസമാണ് വിദ്യാർഥിക്ക് മർദനമേറ്റതെന്നും അവർ കൂട്ടിച്ചേർത്തു.