പ്രതീകാത്മക ചിത്രം.
അയല്‍വാസിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസ്സുകാരിയെ ഇരുമ്പ് കമ്പി പഴുപ്പിച്ച് പൊള്ളിച്ചു. ആന്ധ്ര പ്രദേശിലെ നെല്ലൂരിലാണ് സംഭവം. കുട്ടിയെ പലവട്ടം അയല്‍വാസികള്‍ ഇരുമ്പ് കമ്പി പഴുപ്പിച്ച് പൊള്ളിച്ചുവെന്നാണ് വിവരം. മൊബൈല്‍ ഫോണ്‍ താനെടുത്തിട്ടില്ലെന്ന് കുട്ടി കരഞ്ഞുപറഞ്ഞിട്ടും ഇവര്‍ കേട്ടില്ല. പ്രദേശത്തുള്ള ഒരു ആദിവാസി കോളനിയിലാണ് പത്തുവയസ്സുകാരിക്കെതിരെ അതിക്രമം നടന്നത്.
സന്നാരി മാണിക്യം എന്ന് പേരുള്ള ബന്ധുവിനൊപ്പമായിരുന്നു ചെഞ്ചമ്മ എന്ന കുട്ടി താമസിച്ചിരുന്നത്. ഇവരുടെ തൊട്ടടുത്തുള്ള വീട്ടില്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കാണാതായിരുന്നു. ഇത് ചെഞ്ചമ്മ എടുത്തു എന്നാരോപിച്ച് വീട്ടുകാര്‍ പെണ്‍കുട്ടിയെ മര്‍ദിക്കുകയും ഇരുമ്പ് പഴുപ്പിച്ച് പൊള്ളിക്കുകയുമായിരുന്നു. മറ്റുള്ള അയല്‍വാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സംഭവസ്ഥലത്തേക്ക് പൊലീസ് എത്തി.
കുട്ടിയുടെ ബന്ധുവിനെതിരെയും അയല്‍വാസികളായ നാലുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്. കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെയും പൊള്ളലേറ്റ് കുട്ടി നിലവിളിക്കുന്നതിന്‍റെയും വിഡിയോ സമൂഹമാധ്യമത്തില്‍ ചിലര്‍ പങ്കുവച്ചു. ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. താന്‍ ഫോണെടുത്തിട്ടില്ലെന്ന് പെണ്‍കുട്ടി കരഞ്ഞുപറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. ഇതിനിടെ നാലുപേര്‍ ചേര്‍ന്നാണ് പത്തുവയസ്സുകാരിയെ പിടിച്ചുവച്ച് പൊള്ളിക്കുന്നത്.
ചെഞ്ചമ്മയുടെ അമ്മ മറ്റൊരു വിവാഹം കഴിച്ച് പോയതാണ്. കുട്ടിയെ ബന്ധുവായ സന്നാരി മാണിക്യത്തെ ഏല്‍പ്പിച്ചാണ് അവര്‍ വിവാഹം കഴിച്ച് പോയതെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.