തമിഴ്നാട് കടലൂരിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ബന്ധു. മൃതദേഹത്തിൽ മുറിവുകൾ കണ്ടതോടെ കുട്ടിയുടെ അച്ഛന് തോന്നിയ സംശയമാണ് ബന്ധുവിന്‍റെ ക്രൂരത പുറംലോകത്തെ അറിയിച്ചത്. പൊലീസിനെ വെട്ടിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പ്രതിക്ക് പരുക്കേറ്റു.
മരിച്ച കുഞ്ഞും രണ്ട് സഹോദരങ്ങളും അമ്മയും കുറച്ച് നാളായി ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ പതിനേഴിനു രാത്രി മൂന്ന് വയസുകാരി തളർന്നു വീണു. കുഞ്ഞിനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവിവരം അറിഞ്ഞെത്തിയ അച്ഛൻ കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ ഉള്ളതായി കണ്ടെത്തി. ഇതോടെ മരണത്തിൽ സംശയം തോന്നുകയും കടലൂർ ന്യൂ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തു. ഇതോടെ കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. അന്വേഷണത്തിനൊടുവിൽ 25 വയസുകാരനായ കുട്ടിയുടെ ബന്ധുവിനെ തിരുവണ്ണമലയിൽ നിന്ന് പോലീസ് പിടികൂടി. കടലൂരിലേക്ക് കൊണ്ട് പോകുന്നതിനിടെ മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ ഇയാൾ രക്ഷപെടാൻ ശ്രമിച്ചു. പാലത്തിന്‍റെ മുകളിൽ നിന്ന് ചടിയ പ്രതിയുടെ കാലിന് പരുക്കേറ്റു. നിലവിൽ കടലൂർ ഗവൺമെന്‍റ് ആശുപത്രിയിൽ ചികിത്സയിലാണ് പ്രതി.