താമരശേരി ഷഹബാസ് വധത്തില്‍ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ പ്രവേശനം നല്‍കിയതിനെതിരെ പ്രതിഷേധം ശക്തം. രണ്ട് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയ ഈങ്ങാപ്പുഴ എംജിഎം എച്ച് എസ് എസിലേക്ക് വിദ്യാര്‍ഥി, യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതികള്‍ക്കൊപ്പം കുട്ടികളെ പഠിപ്പിക്കുന്നതില്‍ ഭയമുണ്ടെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചു. 

ഷഹബാസ് വധക്കേസിലെ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയ ഈങ്ങാപ്പുഴ എംജിഎം എച്ച് എസ് എസ് സ്കൂളിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കെ എസ് യു, എം എസ് എഫ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്കൂളിലേക്ക് മാര്‍ച്ച് നടത്തി. സ്കൂള്‍ ഗേയ്റ്റിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. 

സ്കൂളിലെ മറ്റ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും പ്രതിഷേധവുമായി എത്തി. പ്രതികള്‍ക്കൊപ്പം സ്വന്തം കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ ഭയമുണ്ടെന്ന് രക്ഷിതാക്കളും പ്രതികരിച്ചു.  സ്കൂളില്‍ പിടിഎ മീറ്റിംങ് വിളിച്ചു ചേര്‍ത്ത് രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാണ് യുവജന സംഘടനകളുടെ ആവശ്യം.  ഷഹബാസ് വധത്തില്‍ പ്രതികളായ ആറ് വിദ്യാര്‍ഥികളില്‍ രണ്ട് പേര്‍ക്കാണ് ഈങ്ങാപ്പുഴ എംജിഎം സ്കൂളില്‍ പ്രവേശനം ലഭിച്ചത്. 

ENGLISH SUMMARY:

Protests have intensified against the admission of two students accused in the Thamarassery Shahabas murder case to Eengapuzha MGM HSS. Student and youth organizations staged a march, while parents expressed concern over their children studying alongside the accused.