കള്ളന്‍മാര്‍ ആറ്റിലെറിഞ്ഞ സിസിടിവി ഉപകരണങ്ങള്‍ക്കായി തിരച്ചില്‍. പത്തനംതിട്ട ഏനാത്താണ് ഫയര്‍ഫോഴ്സ് സ്കൂബാ സംഘം പൊലീസിനായി കല്ലടയാറ്റില്‍ തിരച്ചില്‍ നടത്തിയത്. മോഷണ ശേഷം സിസിടിവി ഉപകരണങ്ങള്‍ ആറ്റിലും കിണറ്റിലും എറിയുന്ന കള്ളന്‍മാരേയും തെളിവെടുപ്പിന് എത്തിച്ചു.
ഏനാത്ത് ആള്‍ത്താമസമില്ലാത്ത വീട് കുത്തിത്തുറന്നുള്ള കവര്‍ച്ചയുമായി ബന്ധപ്പെട്ടായിരുന്നു തിരച്ചില്‍.തിരുവനന്തപുരത്തുകാരായ അനില്‍കുമാര്‍ ബിജുകുമാർ എന്നിവരാണ് കള്ളന്‍മാര്‍. ആളില്ലാത്ത വീടുകളില്‍ കയറുക,അവിടെ നിന്ന് എന്തെങ്കിലും കിട്ടിയാലും ഇല്ലെങ്കിലും സിസിടിവിയും ഉപകരണങ്ങളും മോഷ്ടിക്കും. എന്നിട്ട് ആറ്റിലോ കിണറ്റിലോ എറിയും. ഇതാണ് കള്ളന്‍മാരുടെ രീതി. ഇവിടെ എംസി റോഡിലെ പാലത്തിൽ നിന്ന് ആറ്റിലേക്കെറിഞ്ഞെന്നായിരുന്നു പിടിയിലായ മോഷ്ടാക്കളുടെ മൊഴി.പ്രതികളെ എത്തിച്ച് തൊണ്ടി മുതൽ വലിച്ചെറിഞ്ഞ സ്ഥാനം ചോദിച്ചറിഞ്ഞ ശേഷമായിരുന്നു തിരച്ചിൽ.
മണിക്കൂറുകള്‍ തിരഞ്ഞിട്ടും ഒന്നും കിട്ടിയില്ല. കഴിഞ്ഞ പതിനഞ്ചിന് കീഴ് വായ്പൂര്‍ സ്റ്റേഷന്‍ പരിധിയില്‍ പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 12ലക്ഷം രൂപയുടെ സാധനങ്ങള്‍ ഇവര്‍ മോഷ്ടിച്ചിരുന്നു. സിസിടിവിയും അനുബന്ധ ഉപകരണങ്ങളും അതേ വീട്ടിലെ കിണറ്റിലെറിഞ്ഞ ശേഷമാണ് മോഷ്ടാക്കൾ രക്ഷപെട്ടത്.ഈ കേസില്‍ അറസ്റ്റിലായ പ്രതികളെ ഏനാത്ത് പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.