പത്തനംതിട്ട മെഴുവേലിയില്‍ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും. വീട്ടിലെ ശുചിമുറിയില്‍ മറ്റാരും അറിയാതെയാണ് ഇരുപത്തിയൊന്നുകാരിയായ വിദ്യാര്‍ഥിനി പ്രസവിച്ചത്. പൊക്കിള്‍കൊടിയടക്കം സ്വയം മുറിച്ചുമാറ്റി ചോരക്കുഞ്ഞിനെ യുവതി തൊട്ടടുത്ത പറമ്പിലേക്ക് ചേമ്പിലയില്‍ പൊതിഞ്ഞ് എറിയുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രസവത്തിനു ശേഷം കടുത്ത രക്തസ്രാവമുണ്ടായി. ഇതോടെ യുവതിയെ വീട്ടുകാര്‍ കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ചെങ്ങന്നൂരിലെ ആശുപത്രിയിലേക്ക് മാറ്റി. യുവതി പ്രസവിച്ചെന്നു ഡോക്ടർ സ്ഥിരീകരിച്ചെങ്കിലും അവർ സമ്മതിച്ചില്ല. കുഞ്ഞ് എവിടെയെന്നു തുടർച്ചയായി ചോദിച്ചിട്ടും യുവതി അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്ന് പറഞ്ഞു. എന്നാല്‍ പിറ്റേന്ന് രാവിലെ കൂടെയുണ്ടായിരുന്ന നഴ്സിനോട് കാര്യം പറഞ്ഞു. ആശുപത്രി അധികൃതർ ഉടൻ ചെങ്ങന്നൂർ പൊലീസിനെ അറിയിച്ചു. അവിടെ നിന്ന് അറിയിച്ച പ്രകാരം ഇലവുംതട്ട പൊലീസാണ് അന്വേഷണത്തിനെത്തിയത്.

കുടുംബാംഗങ്ങളുടെ സഹായത്തോടെ പൊലീസ് വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിലാണു നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുള്ള അടച്ചിട്ടിരുന്ന വീടിന്‍റെ പിൻവശത്ത് വാഴയുടെ ചുവട്ടില്‍ ചേമ്പിലയിൽ പൊതിഞ്ഞ നിലയിലാണ് നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ രക്തക്കറ കണ്ടെത്തി. ഫൊറൻസിക് സംഘവും പരിശോധന നടത്തി. 

അവിവാഹിതയായ യുവതി ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ പോലും അറിഞ്ഞിരുന്നില്ല. ആശുപത്രിയില്‍ എത്തുന്നതിന് രണ്ടുദിവസം മുന്‍പ് പ്രസവം നടന്നിരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മറുപിള്ളയുടെ പഴക്കം നോക്കിയായിരുന്നു അത്. യുവതി പറഞ്ഞത് പ്രകാരമാണെങ്കില്‍ പുലർച്ചെയായിരുന്നു പ്രസവം. പ്രസവം നടന്നതിനു പിന്നാലെ പൊക്കിൾക്കൊടി സ്വയം മുറിക്കുകയായിരുന്നെന്നും കുട്ടിയുടെ കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ വാ പൊത്തിപ്പിടിച്ചശേഷം അടുത്തുള്ള പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് വിവരം. തലയ്ക്കേറ്റ ക്ഷതമാണ് നവജാതശിശുവിന്‍റെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. 

ഇതിനിടെ നവജാതശിശുവിന്‍റേത് കൊലപാതകമാണെന്ന് പറയാന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. കാരണം, പ്രസവത്തിനു ശേഷം യുവതി ശുചിമുറിയില്‍ തലചുറ്റി വീണിരുന്നു. ആ സമയം കുഞ്ഞ് താഴെവീണപ്പോള്‍ തല തറയില്‍ ഇടിച്ച് മരണപ്പെട്ടതാകാം എന്ന് പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ആരും കാണാതെ കുഞ്ഞിനെ ചേമ്പിലയില്‍ പൊതിഞ്ഞ് വീടിന് പിന്നിലെ പറമ്പിലേക്ക് എറിഞ്ഞെന്ന് യുവതി പറഞ്ഞത്. ഈ ഏറിലാണ് കുഞ്ഞിന്‍റെ തലയ്ക്ക് പരുക്കേറ്റ് മരിച്ചത് എന്നാണ് വിലയിരുത്തല്‍. 

രക്തസ്രാവത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആശുപത്രി വിട്ടാല്‍ ഉടന്‍ അറസ്റ്റുണ്ടാകും. മാനസിക നില പരിശോധിച്ച് ആവശ്യമെങ്കില്‍ കൗണ്‍സിലിങ്ങും നല്‍കും. എട്ടാംക്ലാസുമുതല്‍ ബന്ധമുള്ള കാമുകനാണ് ഗര്‍ഭത്തിന് ഉത്തരവാദി. ഗര്‍ഭിണിയായതും പ്രസവിച്ചതും അറിഞ്ഞിട്ടില്ല എന്നാണ് വീട്ടുകാരുടെ മൊഴി. കാമുകനേയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.

ENGLISH SUMMARY:

In the case involving the discovery of a newborn's body in Mezhuveli, Pathanamthitta, the mother will face murder charges. The 21-year-old student gave birth secretly in the bathroom of her house, without anyone’s knowledge. She cut the umbilical cord herself and then wrapped the blood-covered infant in a banana leaf before discarding the body into a nearby plot.