ഇടുക്കി ഉടുമ്പൻചോലയിൽ 'ഡോണും ബട്ടർഫ്ലൈയുമായി' വിലസി നടന്നിരുന്ന രണ്ട് ഓട്ടോറിക്ഷകൾ ഇനി പൊലീസ് സ്റ്റേഷൻ മുറ്റത്ത് വിശ്രമിക്കും. ചെമ്മണ്ണാർ, മാങ്ങാത്തൊട്ടി മേഖലകളിൽ സഞ്ചരിക്കുന്ന ബാറുകളായി പ്രവർത്തിച്ചിരുന്ന ഓട്ടോറിക്ഷകളാണ് പൊലീസ് പിടികൂടിയത്. മദ്യവിൽപ്പന നടത്തിയ ഉടമകളും അകത്തായി. ഒരേസമയം ഒരു നാട്ടിലെ മദ്യപാനികൾക്ക് ആശ്വാസവും അവരുടെ കുടുംബങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരുമായിരുന്നു ഈ ഓട്ടോറിക്ഷകൾ.
മാങ്ങാത്തൊട്ടി സ്വദേശികളായ വെള്ളാപ്പാണിയിൽ പ്രിൻസ് ജോസഫ്, അടയ്ക്കാപറമ്പിൽ ഷിജോ ഫ്രാൻസിസ് എന്നിവരാണ് വാഹനങ്ങളുടെ ഉടമകൾ. പക്ഷേ ഓട്ടോ ഉപയോഗിക്കുന്നത് ആളുകൾക്ക് സവാരി നടത്തുന്നതിനല്ല എന്ന് മാത്രം. സമാന്തര ബാറായാണ് പ്രവർത്തിച്ചിരുന്നത്. തോട്ടം തൊഴിലാളികൾക്കടക്കം പെഗ്ഗ് വിലയ്ക്ക് മദ്യം നൽകുന്നതാണ് രീതി.
മദ്യം വാങ്ങുവാൻ പണമില്ലെങ്കിൽ ഇരുവരും കടം നൽകും. തോട്ടം തൊഴിലാളികൾക്ക് കൂലി ലഭിക്കുന്ന ശനിയാഴ്ച പണം കുത്തിപ്പിടിച്ച് വാങ്ങും. ഇതോടുകൂടി വീട്ടു ചെലവിനായി കൊണ്ടുപോകാൻ പലരുടെ കയ്യിലും പണം ഉണ്ടാകാറില്ല. പ്രശ്നം രൂക്ഷമായതോടെ സ്ത്രീകളും കുട്ടികളും പരാതികളുമായി ഉടുമ്പൻചോല പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. ഓട്ടോറിക്ഷകളിൽ നിന്നും മദ്യവും പിടിച്ചെടുത്തു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.