പത്തനംതിട്ട മെഴുവേലിയില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ അമ്മ അഞ്ജുവിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്ന അഞ്ജുവിനെ ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ ജഡം സമീപത്തെ പറമ്പില്‍ കണ്ടെത്തിയത്.
ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അഞ്ജുവിനെ വീട്ടിലെത്തിച്ചത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രതി വീട്ടിലേക്ക് കയറിയത്. വീടിനകത്ത് എത്തിച്ച് മാതാപിതാക്കളുടേയും സഹോദരിയുടേയും സാന്നിധ്യത്തില്‍ മൊഴിയെടുത്തു. പ്രസവിച്ച ശുചിമുറിയിലും കുഞ്ഞിന്റെ ജഡം കണ്ടെത്തിയ പറമ്പിലും എത്തിച്ചു തെളിവെടുത്തു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇലവുംതിട്ട പൊലീസ് മടങ്ങിയത്. കുഞ്ഞിന്റെ ജഡം കണ്ട സ്ത്രീകള്‍ പൊട്ടിക്കരഞ്ഞു
പ്രസവ ശേഷം ചേമ്പിലയില്‍ പൊതിഞ്ഞ് പറമ്പിലേക്ക് എറിഞ്ഞപ്പോഴാണ് തലയ്ക്ക് ക്ഷതമേറ്റു കുഞ്ഞു മരിച്ചതെന്ന് കണ്ടെത്തി കൊലക്കുറ്റം ചുമത്തിയിരുന്നു. ചൊവ്വാഴ്ച രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പ്രസവിച്ചു എന്ന് മനസിലായതും കുഞ്ഞിന്റെ ജഡം കണ്ടെത്തിയതും. അന്നുമുതല്‍ ചെങ്ങന്നൂരിലെ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്ന പെണ്‍കുട്ടിയെ ഇന്നാണ് അറസ്റ്റ് ചെയ്തത്.