കണ്ണൂരില്‍ ആണ്‍സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണനേരിട്ടതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പറമ്പായി സ്വദേശികളായ വി.സി മുബഷിര്‍, കെ എ ഫൈസല്‍, വി കെ റഫ്നാസ് എന്നിവരെയാണ് പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. കായലോട് പറമ്പായിലെ റസീനയുടെ ആത്മഹത്യയിലാണ് അറസ്റ്റ്.
കഴിഞ്ഞ ഞായറാഴ്ച റസീനയുടെ സുഹൃത്തിനെ പ്രതികള്‍ കെട്ടിയിട്ട് മര്‍ദിക്കുകയും പരസ്യവിചാരണ ചെയ്തുവെന്നുമാണ് പരാതി. യുവാവിന്റെ ഫോണും ടാബുമടക്കം പിടിച്ചുവെച്ചുവെന്നും ആരോപണമുണ്ട്. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് യുവതിയുടെ ആത്മഹത്യാകുറിപ്പിലും വ്യക്തമാക്കുന്നുണ്ട്. പ്രതികളുടെ പേര് സഹിതമാണ് റസീനയുടെ ആത്മഹത്യാക്കുറിപ്പ്. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.