പ്രണയിച്ചയാള്‍ക്കൊപ്പം വിവാഹിതയായ തന്‍റെ മകള്‍ ഒളിച്ചോടിപ്പോയതില്‍ മനംനൊന്ത് മകളുടെ രണ്ട് പെണ്‍മക്കളെയും തന്‍റെ അമ്മയെയും കൊന്ന് യുവതി ജീവനൊടുക്കി. തമിഴ്നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം. കാളീശ്വരി (45), അമ്മ ചെല്ലമ്മാള്‍ (65), പേരക്കുട്ടികളായ ലിക്തിഷ (7) ദീപ്തിഷ (5) എന്നിവരാണ് മരിച്ചത്.
ചിന്നക്കുളിപട്ടി ഗ്രാമത്തിലാണ് കാളീശ്വരിയും കുടുംബവും താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. കാളീശ്വരിയുടെ മകളായ പവിത്ര ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയില്ലായ്മ രൂക്ഷമായതോടെ മക്കളുമായി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. ഇവിടെ താമസിച്ചുവരുന്നതിനിടെ അയല്‍വാസിയായ യുവാവുമായി പവിത്ര പ്രണയത്തിലായി. ഇത് കാളീശ്വരി അറിഞ്ഞതും വിലക്കി. വീട്ടുകാര്‍ എതിര്‍ത്തതോടെ ചൊവ്വാഴ്ച വൈകുന്നേരം മക്കളെ ഉപേക്ഷിച്ച് പവിത്ര അയല്‍വാസിക്കൊപ്പം ഒളിച്ചോടുകയായിരുന്നു.
വിവരമറിഞ്ഞതിന് പിന്നാലെ ഏഴും നാലും വയസുള്ള പേരക്കുട്ടികളെ തൂക്കിക്കൊന്ന ശേഷം കാളിശ്വരിയും അമ്മ ചെല്ലമ്മാളും രാത്രിയോടെ തൂങ്ങിമരിച്ചു. ബുധനാഴ്ച നേരം പുലര്‍ന്നിട്ടും വീട്ടില്‍ നിന്നും ആരെയും പുറത്തേക്ക് കാണാതായതോടെ അയല്‍വാസികള്‍ അന്വേഷിച്ചെത്തുകയായിരുന്നു. വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിച്ചതോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.