തമിഴ്നാട് തിരുനെല്‍വേലിയില്‍ മന്ത്രവാദിയും സഹായികളും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി. 28കാരി കയല്‍വിഴിയാണ് കൊല്ലപ്പെട്ടത്. എട്ടുമാസം മുന്‍പാണ് ഇവരെ കാണാതായത്. കഴിഞ്ഞ ഒക്ടോബറിലാണ് കയല്‍വിഴിയെ കാണാതായത്. കയല്‍വിഴിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.

യുവതിയുടെ ഫോണ്‍ രേഖകള്‍ അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിയത്. യുവതിയുടെ മൃതദേഹ ഭാഗങ്ങള്‍ കനാലില്‍ നിന്ന് കണ്ടെടുത്തു. കയല്‍വിഴിയും ഭര്‍ത്താവും കുറച്ച് നാളായി അകന്ന് കഴിയുകയായിരുന്നു. ഇതില്‍ ഏറെ ദുഖത്തിലായിരുന്നു യുവതി. ഇതിനിടെ അവിചാരിതമായി സമൂഹമാധ്യമത്തില്‍ ഇവര്‍ ഒരു പരസ്യം കണ്ടു. കന്യാകുമാരി സ്വദേശിയായ മന്ത്രവാദി ശിവസാമിയുടെ പരസ്യമായിരുന്നു ഇത്. അകന്ന് കഴിയുന്ന ഭാര്യഭര്‍ത്താക്കന്‍മാരെ ഒന്നിപ്പിക്കുകയും കുടുംബപ്രശ്നം പരിഹരിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയായിരുന്നു പരസ്യം. 

പരസ്യം വിശ്വസിച്ച യുവതി  ശിവസാമിയെ സമീപിച്ചു. അച്ഛനെ കൂട്ടി നേരിട്ട് പോയി കാണുകയും ചെയ്തു. നിരവധി പരിഹാരക്രിയകളെല്ലാം ഇയാള്‍ യുവതിയെ കൊണ്ട് ചെയ്യിപ്പിച്ചു. വലിയ തുക ഇതിനായി കൈ പറ്റുകയും ചെയ്തു. എന്നാല്‍ എത്ര പരിഹാരക്രിയ ചെയ്തിട്ടും ഫലം കാണാതായതോടെ യുവതി മന്ത്രവാദിയോട് പണം തിരികെ ആവശ്യപ്പെട്ടു. തുടര്‍ച്ചയായി പണം ചോദിച്ച് കയല്‍വഴി സമീപിച്ചതോടെ മന്ത്രവാദി ഇവരെ ഒഴിവാക്കാന്‍ തീരുമാനിച്ചു.

ശുചീന്ദ്രത്തേക്ക് വരാന്‍ യുവതിയോട് ഇയാള്‍ ആവശ്യപ്പെട്ടു. അവിടെയെത്തിയ യുവതിയെ കാറില്‍ വച്ച് കഴുത്തുഞെരിച്ച് കൊന്നു. ഒരു സ്ത്രീയടക്കം മൂന്ന് സഹായികളും മന്ത്രവാദിക്കൊപ്പം ഉണ്ടായിരുന്നു. കൊലപാതകശേഷം മൃതദേഹം മണിമുത്തംകുളം കനാലില്‍ എറിഞ്ഞു. കുടുംബപ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് ഇവര്‍ നിരവധിപേരെ പറ്റിച്ചിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യമടക്കം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

ENGLISH SUMMARY:

In a shocking incident from Tirunelveli, Tamil Nadu, a 28-year-old woman named Kayalvizhi was murdered by a sorcerer and his accomplices after she repeatedly demanded a refund for a failed ritual. The woman had sought the help of Shivasamy, a self-proclaimed sorcerer from Kanyakumari, to reconcile with her estranged husband. Despite undergoing several rituals and paying a hefty amount, there was no improvement, leading her to demand her money back. Lured to Shuchindram, Kayalvizhi was strangled to death in a car, and her body parts were later dumped in a canal. Investigations revealed the involvement of three accomplices, including a woman. The sorcerer is also suspected of defrauding several others under the pretext of solving family issues.