കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് ലഹരിയെത്തിക്കുന്ന പ്രധാനിയെ ഡാന്‍സാഫ് സംഘം കുടുക്കി. പെണ്‍കുട്ടികളോട് ഏറെ കരുതലുള്ള കൊച്ചിയിലെ ചേട്ടായിയെ കുറിച്ച് ആദ്യം അറിയുന്നത് ഡാന്‍സാഫ് സംഘമാണ്. നെടുമ്പാശേരി, വൈപ്പിന്‍, ആലുവ മേഖലയിലെല്ലാം ചേട്ടായിയുടെ കരുതല്‍ പതിവായി എത്തിയിരുന്നു. വിദ്യാര്‍ഥിനികള്‍ക്ക് പുറമെ ജോലിക്കാരായ യുവതികളടക്കം ചേട്ടായിയില്‍ നിന്ന് സേവനം കൈപ്പറ്റി. ആരാണ് ഈ ചേട്ടായി എന്നല്ലേ?. മഞ്ഞുമ്മല്‍ ജനത മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന ജിയോ തോബിയാസ്. ന്യൂജെന്‍ പിള്ളേര്‍ക്ക് ചേട്ടായി ആരെന്ന് കൃത്യമായി അറിയാമായിരുന്നെങ്കിലും നാട്ടുകാര്‍ ജിയോയെ ശരിക്കും അറിയുന്നത് പൊലീസ് പിടിയിലായപ്പോളാണ്.
ഒടുവില്‍ കുടുങ്ങി
എറണാകുളം ജില്ലയിലെ തന്നെ പ്രധാന ലഹരിയിടപാടുകാരില്‍ ഒരാളാണ് ജിയോ തോബിയാസെന്ന് പൊലീസ് പറയുന്നു. ഇടപാടുകാരില്‍ ഭൂരിഭാഗം പേരും പെണ്‍കുട്ടികള്‍. കഴിഞ്ഞ കാലങ്ങളില്‍ ലഹരിമരുന്നുമായി പിടിയിലായവരില്‍ നിന്നാണ് ജിയോയെ കുറിച്ചുള്ള വിവരം ഡാന്‍സാഫിന് ലഭിച്ചത്. ജിയോയെ പൂട്ടാന്‍ പലതവണ പൊലീസ് വലവിരിച്ചെങ്കിലും ഒത്തില്ല. ജിയോയുടെ കാരിയര്‍മാരായി പ്രവര്‍ത്തിച്ച പലരും ഇതിനോടകം കുടുങ്ങി. അങ്ങനെ മുങ്ങി നടന്ന ജിയോ ഒടുവില്‍ വലയിലായി. അതും പതിനെട്ട് ഗ്രാമിലേറെ എംഡിഎംഎയുമായി.
ഫാസ്റ്റ് ഡെലിവറി
ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എംഡിഎംഎ വിതരണത്തിനെത്തിയപ്പോളാണ് ജിയോ തോബിയാസിനെ പൊലീസ് പൊക്കിയത്. കാറില്‍ ഡ്രൈവര്‍ സീറ്റിനോട് ചേര്‍ന്നുള്ള ഡോറിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് വാങ്ങിയ എംഡിഎംഎ ഓര്‍ഡര്‍ പ്രകാരം ഡെലിവറി നടത്തി വരികയായിരുന്നു ജിയോ. ബംഗളൂരുവില്‍ നിന്നെത്തിക്കുന്ന ലഹരിമരുന്ന് മണിക്കൂറുകള്‍ക്കകം തന്നെ വിറ്റഴിക്കും. വച്ചുതാമസിപ്പിക്കുന്ന പതിവ് ജിയോയ്ക്കില്ല. അതുകൊണ്ടുതന്നെ പൊലീസിന് തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ആത്മവിശ്വാസമായിരുന്നു ജിയോയ്ക്ക്.
കസ്റ്റമര്‍ ലിസ്റ്റ്
ജിയോയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കസ്റ്റമേഴ്സിന്‍റെ ലിസ്റ്റ് കണ്ട് പൊലീസുകാരും ഞെട്ടി. ലഹരിമരുന്നിനായി പെണ്‍കുട്ടികള്‍ നടത്തിയിട്ടുള്ളത് വലിയ സാമ്പത്തികയിടപാടുകള്‍. പെണ്‍കുട്ടികളെ ലഹരിമരുന്നിന് അടിമകളാക്കി ചൂഷണം ചെയ്തിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ലഹരിക്കടിമകളായി മാറുന്ന പെണ്‍കുട്ടികളെ കാരിയര്‍മാരായി ഉപയോഗിക്കുന്നതായും സൂചനയുണ്ട്. ഇക്കാര്യങ്ങളില്‍ പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. ഡാന്‍സാഫും ആലുവ ഈസ്റ്റ് പൊലീസും ചേര്‍ന്നാണ് ജിയോ തോബിയാസിനെ പിടികൂടിയത്.