ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കുട്ടിയുടെ അമ്മാവനിൽ നിന്നും നിർണായക മൊഴി പുറത്ത്. കുട്ടിയെ കൊന്നത് താൻ അല്ല, ദേവേന്ദുവിന്റെ അമ്മ ശ്രീതുവാണ് കൊലപാതകത്തിനു പിന്നിൽ എന്നുമാണ് ഹരികുമാർ മൊഴി നൽകിയത്. ഹരികുമാറിനെ പ്രതിയാക്കി കുറ്റപത്രം സമർപിക്കാൻ പൊലീസ് തയാറാകുന്നതിനിടെയാണ് മൊഴി പുറത്തുവന്നത്.
എന്നാൽ ഹരികുമാർ പറഞ്ഞത് പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. മൊഴികളിൽ വൈരുധ്യം കണ്ടതോടെ ഹരികുമാറിനെയും ശ്രീതുവിനെയും നുണപരിശോധനയ്ക്ക് ഹാജരാക്കാൻ പൊലീസ് തീരുമാനിച്ചു. നേരത്തേ ദേവേന്ദുവിന്റെ അച്ഛനും ശ്രീതുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും ആദ്യ അന്വേഷണത്തിൽ ശ്രീതുവിനെതിരെ തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടിലെ കിണറ്റിൽ നിന്നു രണ്ടു വയസ്സുകാരി ദേവേന്ദുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മാവൻ ഹരികുമാർ കുട്ടിയെ മുറിയിൽ നിന്നും എടുത്തുകൊണ്ടുപോയി കിണറ്റിൽ എറിയുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഹരികുമാറിനു തന്റെ സഹോദരിയോടുള്ള വഴിവിട്ട താൽപര്യത്തിൽ അവർ തയാറാക്കാത്തതിനു കുട്ടിയൊരു തടസ്സമായി കണ്ടത്തിനെത്തുടർന്നാണ് കൊലപാതകം എന്നതിലേക്ക് കടന്നതെന്നായിരുന്നു കാരണമായി പൊലീസ് കണ്ടെത്തിയിരുന്നത്.
ആദ്യ ദിനം ക്രൂരമായ കൊലപാതകത്തിന്റെ ഉത്തരം തേടിയുള്ള ചോദ്യം ചെയ്യൽ നീണ്ടത് പത്തു മണിക്കൂറാണ്. വീട്ടുമുറ്റത്തെ കിണറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുമ്പോൾ തന്നെ പൊലീസ് ആദ്യ നിഗമനത്തിലെത്തിയിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന അമ്മ ശ്രീതുവിനെയും സഹോദരൻ ഹരികുമാറിനെയും പിതാവ് ശ്രീജിത്തിനെയും അമ്മൂമ്മയെയും പൊലീസ് സ്റ്റേഷനിലേക്കെത്തിച്ചപ്പോഴും ഉറപ്പിച്ചു; ഇൗ നാലു പേരിലുണ്ട് പ്രതി. ഇതിനിടയിൽ പരിസരവാസികളിൽനിന്നു ലഭിച്ച മൊഴിയും സ്പെഷൽ ബ്രാഞ്ച് ശേഖരിച്ച വിവരങ്ങളും ചോദ്യം ചെയ്യുന്ന സംഘത്തിനു കൈമാറിയിരുന്നു.നാലു പേരെയും മാറ്റിയിരുത്തി ചോദ്യം ചെയ്തപ്പോൾ ആദ്യത്തെ മണിക്കൂറിൽ തന്നെ ഒരു കാര്യം ബോധ്യമായി. കൊലപാതകത്തിൽ അച്ഛൻ ശ്രീജിത്തിനും അമ്മൂമ്മയ്ക്കും ബന്ധമില്ല. പിന്നീട് അവരോട് പൊലീസ് ചോദിച്ചത് മുഴുവൻ ശ്രീതുവിനെയും സഹോദരനെയും കുറിച്ചായിരുന്നു. അവരിൽനിന്നു കിട്ടിയ വിവരങ്ങളുമായി രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ രണ്ടുപേരെയും ഒറ്റയ്ക്ക് ഇരുത്തി ചോദ്യം ചെയ്തു. ആദ്യം ഹരികുമാർ പ്രകോപിതനായാണു പെരുമാറിയത്.
‘നിങ്ങൾ കണ്ടുപിടിക്കൂ, ഞങ്ങൾക്കെങ്ങനെ അറിയാൻ പറ്റും?’ എന്നൊക്കെ ചോദ്യങ്ങളുയർത്തി പ്രതിരോധിച്ചു.ആദ്യം സഹോദരനെ സംരക്ഷിക്കുന്ന ഉത്തരം നൽകിയ ശ്രീതു പിന്നീട് ചില കാര്യങ്ങൾ തുറന്നുപറഞ്ഞു. സഹോദരിയോടുള്ള അടുപ്പക്കൂടുതൽ കൊണ്ടാണ് ഹരികുമാർ കുട്ടികളോട് ദേഷ്യത്തോടെ പെരുമാറുന്നതെന്നും നേരത്തേ ദേവേന്ദുവിനെ ദേഷ്യത്തിൽ എടുത്തെറിഞ്ഞ സംഭവമുണ്ടായെന്നും വരെ ശ്രീതു വിവരിച്ചു. ഇൗ വിവരങ്ങളുമായി മുന്നിലേക്കെത്തിയ പൊലീസ് സംഘത്തോട് അരമണിക്കൂറിനുള്ളിൽ ഹരികുമാർ കുറ്റം സമ്മതിച്ചു.