കൊല്ലം കരുനാഗപ്പള്ളിയിൽ നാടിനെ ഞെട്ടിച്ച അലുവ അതുല്‍ കൊലക്കേസില്‍ നാല് പ്രതികള്‍ പിടിയില്‍. കൃത്യത്തില്‍ േനരിട്ട് പങ്കെടുത്ത രണ്ടുപേരും  പ്രതികള്‍ക്ക് സഹായം നല്‍കിയ രണ്ടുപേരുമാണ് പിടിയിലായത്.  പിടിയിലായ തഴവ സ്വദേശി നൗഫലിന് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ട്. പിടിയിലായ ചവറ സ്വദേശി ഷിനു പീറ്റര്‍ കൂട്ടുപ്രതിയാണ്. ഇനി കിട്ടാനുള്ളത് നാലുപേരെയാണ്. 

 

Also read: സന്തോഷിന്‍റെ കൊലയ്ക്ക് ഒരു വര്‍ഷം തികയാന്‍ ഇനി 13 ദിവസം; അതിന് മുന്‍പ് പകവീട്ടി

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെയാണ്  പട്ടാപ്പകൽ ജനമധ്യത്തില്‍  വെട്ടിക്കൊലപ്പെടുത്തിയത് . ജിം സന്തോഷ് വധക്കേസ് പ്രതി ‘അലുവ അതുൽ’  ജാമ്യത്തിലിറങ്ങിയശേഷം സ്റ്റേഷനിൽ എത്തി ഒപ്പിട്ടു  മടങ്ങുമ്പോഴാണ്  കാറിടിച്ചു കുഴിയിലേക്ക് വീഴ്ത്തി വെട്ടി കൊലപ്പെടുത്തിയത്. ബോളിവുഡ് സിനിമകളിലെ ഗുണ്ടാ ആക്രമണത്തിന്റെ തനി പതിപ്പ് ആയിരുന്നു കരുനാഗപ്പള്ളി പുതിയകാവിൽ നടന്നത്. കണ്ടുനിന്നവരും വാഹനത്തിൽ പോയവരും ദേശീയപാതക്ക് സമീപത്ത് നടന്ന അക്രമത്തിൽ  ഞെട്ടിത്തരിച്ചു നിന്നു. പോലീസ് ജാമ്യത്തിൽ ഇറങ്ങിയ അലുവാ അതുൽ ജാമ്യ വ്യവസ്ഥ പ്രകാരം സ്റ്റേഷനിൽ എത്തുന്നതും കാത്ത് നാലംഗ സംഘം ഇന്നോവ കാറിൽ കാത്തു നിന്നു. ഹരിയാന രജിസ്ട്രേഷൻ കാർഡിൽ എത്തിയ സംഘം അതുലിന്റെ കാറിനു പിന്നാലെ കൂടി. പലവട്ടം ചെയ്സ് ചെയ്തു പിടിക്കാൻ നോക്കിയെങ്കിലും നടന്നില്ല. പുതിയകാവിൽ എത്തിയപ്പോഴേക്കും ഇന്നോവ കാർ അതുലിന്റെ കാറിനെ ഇടിച്ച് കുഴിയിലേക്ക് തള്ളിയിട്ടു. പിന്നാലെ വാളുമായി സംഘം കാറിനടുത്തേക്ക് പാഞ്ഞു.

 

കാറിന്റെ ഗ്ലാസിൽ ആഞ്ഞു വെട്ടി. ഗ്ലാസ് താഴ്ത്തിയപ്പോഴേക്കും തങ്ങും വിലങ്ങും വെട്ടിയ സംഘം അതുലിനെ വലിച്ചു പുറത്തേക്കിട്ടു. ഒപ്പം ഉണ്ടായിരുന്ന കുക്കു എന്ന മനു പരിക്കുകളോടെ രക്ഷപ്പെട്ടു. പുറത്തേക്ക് വലിച്ചിട്ട അതുലിനെ വീണ്ടും തുരുതുരാ വെട്ടി. ചലനമറ്റ അതുൽ മരിച്ചെന്നു ഉറപ്പുവരുത്തിയ ശേഷമാണ് സംഘം കാറിൽ കയറി രക്ഷപ്പെട്ടത്. കൊലപാതകത്തിനു പിന്നിൽ  കടത്തൂർ സംഘമാണെന്നാണ് സൂചന. ജിം സന്തോഷിനെ കൊലപ്പെടുത്തി മടങ്ങും വഴി രണ്ട് പേരെ അലുവ അതുലും സംഘവും ആക്രമിച്ചിരുന്നു. അന്ന് ആക്രമിക്കട്ടവരുടെ സംഘമാണ് അതുലിനെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം. ജിം സന്തോഷ് കൊല്ലപ്പെട്ട ഒരു വർഷം തികയും മുമ്പാണ് അടുത്ത കൊലപാതകം.

 

 

ഗുണ്ടാകുടിപ്പക

 

കരുനാഗപ്പള്ളിയിലെ അരുംകൊലയിലേക്ക് നയിച്ചത് ഒന്നര പതിറ്റാണ്ടിലേറെയായി തുടരുന്ന ഗുണ്ടാകുടിപ്പക. ജിം സന്തോഷിന്‍റെ നേതൃത്വത്തിലെ കരുനാഗപ്പള്ളി സംഘവും ഇന്ന് കൊല്ലപ്പെട്ട അതുല്‍ ഉള്‍പ്പെടുന്ന ഓച്ചിറ സംഘവും തമ്മിലുള്ള പകയുടെ തുടക്കം 2013ലാണ്. അതിനിടയിലെ രണ്ടാമത്തെ കൊലപാതകമാണ് ഇന്ന് പട്ടാപ്പകല്‍ നടന്നത്. 

 

കൊല്ലത്തെ രണ്ട് ഗൂണ്ടാസംഘങ്ങള്‍. ജിം സന്തോഷിന്‍റെ നേതൃത്വത്തിലെ കരുനാഗപ്പള്ളി ടീമും ഓച്ചിറ കേന്ദ്രീകരിച്ചുള്ള ചങ്ങന്‍കുളങ്ങര വിനോദിന്‍റെ സംഘവും. ഇവര്‍ തമ്മില്‍ കാലങ്ങളായി തുടരുന്ന കുടിപ്പകയുടെ ബാക്കിചിത്രമാണ് കേരളത്തെ ഞെട്ടിക്കുന്ന ഈ കാഴ്ച.

 

ഇന്നത്തെ കൊലയില്‍ പങ്കാളിയെന്ന് സംശയിക്കുന്ന അനീറിലൂടെയാണ് ഈ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള പകയുടെ ചരിത്രം തുടങ്ങുന്നത്. അനീര്‍ ജിം സന്തോഷിന്‍റെ അടുത്തയാളായിരുന്നു. ഓച്ചിറ ടീമിന്‍റെ തലവനെ അനീര്‍ വീട്ടില്‍ കയറി 2013ല്‍ അടിച്ചതോടെ ഇവരുടെ പക തുടങ്ങി. അടിയും തിരിച്ചടിയുമായി പിന്നീട് പലതവണ ഏറ്റുമുട്ടി. ഒടുവില്‍ 2023ല്‍ ഒത്തുതീര്‍പ്പിനായി ജിം സന്തോഷ് എതിര്‍സംഘത്തെ വിളിച്ചുവരുത്തി. പക്ഷെ അത് ചതിയായിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചക്കിടെ സന്തോഷ് എതിരാളികളെ വെട്ടി. അതോടെ വെട്ടും കുത്തും മാറി കൊന്ന് തീര്‍ക്കുന്ന വൈരാഗ്യത്തിലേക്ക് പക വളര്‍ന്നു. വെട്ടുകേസില്‍ ജാമ്യത്തിലിറങ്ങി കഴിഞ്ഞിരുന്ന ജിം സന്തോഷായിരുന്നു ആദ്യ ഇര. 

 

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27ന് പുലര്‍ച്ചെ അതുലും മൂന്ന് പേരുമടങ്ങുന്ന സംഘം സന്തോഷിനെ വീട്ടില്‍ കയറി അമ്മയുടെ കണ്‍മുന്നിലിട്ട് വെട്ടിക്കൊന്നു. കൊല ചെയ്ത് മടങ്ങുന്ന വഴി ഇന്ന് അതുലിനെ ആക്രമിക്കാനുണ്ടായിരുന്ന അനീറിനെയും ആക്രമിച്ചു. പിന്നീട് തമിഴ്നാട്ടിലേക്ക് കടന്ന അതുലിനെ ഇരുപത് ദിവസത്തിനകം പിടികൂടി. അന്ന് മുതല്‍ ജയിലിലായിരുന്ന അതുല്‍ ജാമ്യത്തിലിറങ്ങിയതോടെ പകരംവീട്ടാന്‍ എതിര്‍സംഘം തയാറെടുത്തു. സന്തോഷിന്‍റെ കൊലയ്ക്ക് ഒരു വര്‍ഷം തികയാന്‍ ഇനി 13 ദിവസം. അതിന് മുന്‍പ് പകവീട്ടണമെന്ന കാടത്തമാണ് പട്ടാപ്പകല്‍ നടുറോഡില്‍ കേരളം കണ്ടത്.

 

ENGLISH SUMMARY:

Aluva Atul murder case has seen four arrests, with the crime linked to a decade-and-a-half-old gang rivalry. This brutal daylight murder has shocked the region and highlights the escalating violence between criminal factions in Kerala.