യുവാവിന്റെ കൊലപാതകത്തില്‍ നിര്‍ണായക തെളിവായി 9 വയസുകാരനായ മകന്റെ മൊഴി. രാജസ്ഥാന് ആള്‍വാറില്‍ ജൂണ്‍ 7ന് നടന്ന കൊലപാതകത്തില്‍ മരുഭൂമിയില്‍ ടെന്റ് കെട്ടുന്നതിനായുള്ള ബിസിനസ് നടത്തിയിരുന്ന വീരു ജാദവ് കൊല്ലപ്പെടുന്നത്. എങ്ങുമെത്താതിരുന്ന കേസില്‍ ചില സിസിടിവി ദൃശ്യങ്ങള്‍ മാത്രമായിരുന്നു തെളിവ്. വീരുവിന്റെ മരണകാരണം ശ്വാസംമുട്ടലാണെന്ന് വ്യക്തമായിരുന്നു.
തുടര്‍ന്ന് കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പൊലീസ് മൃഗീയമായ കൊലയുടെ കഥയറിയുന്നത്. വീരു പതിവിലും നേരത്തെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയിരുന്നു. മകനോട് ഫോണ്‍ ചാര്‍ജ് ചെയ്യാനേല്‍പ്പിച്ച വീരുവിനോട് ഭാര്യ അനിത നേരത്തെ കിടക്കാമെന്ന് പറഞ്ഞു. വീരുവും കിടുന്നുറങ്ങുകയും ചെയ്തു. കുട്ടിയും കിടന്നു. പക്ഷെ ഉറങ്ങിയില്ല.
വീരു ഉറങ്ങിയതിന് പിന്നാലെ അനിത വാതില്‍ തുറക്കുന്നതും അകത്തേക്ക് ആളുകള്‍ പ്രവേശിക്കുന്നതുമായ ശബ്ദം കുട്ടി കേട്ടു. കുട്ടിയുടെ മൊഴി പ്രകാരം തുടര്‍ന്ന് ഒരൊച്ച കേള്‍ക്കുകയും അച്ഛന്റെ മുറിയിലേക്ക് കുട്ടി ചെന്ന് നോക്കുകയുമായിരുന്നു. കുട്ടി കണ്ടത് അമ്മയുടെ സുഹൃത്തായ കാശീറാം വീരുവിന്റെ മുഖത്ത് തലയണകൊണ്ട് അമര്‍ത്തുന്നതാണ്. നാലുപേര്‍ വീരുവിനെ പിടിച്ചുവയ്ക്കുകയും ചെയ്തിരുന്നു. സമീപത്തായി ഇത് നോക്കി കൂസലില്ലാതെ നില്ക്കുന്ന തന്റെ അമ്മയെ കണ്ട് കുട്ടി ഞെട്ടി. തുടര്‍ന്ന് വീരുവിന്റെ പിടച്ചില്‍ നിന്നു. കുട്ടി പിതാവിനടുത്തേക്ക് ഓടാന്‍ ശ്രമിച്ചപ്പോള്‍ കാശീറാം പിടിച്ചുവയ്ക്കുകയും ശബ്ദമുണ്ടാക്കരുതെന്ന് പറയുകയുമായിരുന്നു. 'അമ്മ വളരെ മോശം സ്ത്രീയാണെന്നും അച്ഛനെ അവര്‍ കൊല്ലിച്ചെന്നും' കുട്ടി പൊലീസിനോട് പറഞ്ഞു
മുന്‍പ് വിവാഹബന്ധങ്ങള്‍ വേര്‍പിരിഞ്ഞ അനിതയും വീരുവും തുടര്‍ന്ന് കണ്ടുമുട്ടി പ്രണയിച്ച് വിവാഹിതരായിരുന്നു. അനിത ഒരു പലചരക്ക് കട നടത്തിവരികയായിരുന്നു. ഇതിനടുത്തുള്ള പലഹാരക്കട നടത്തിയിരുന്ന ആളായിരുന്നു കാശീറാം. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും വീരുവിനെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു.
കൃത്യമായ പദ്ധതിയിലൂടെയാണ് കൊല നടത്തിയത്. കാശീറാം 2 ലക്ഷം നല്കി നാലുപേരെ കൊലയ്ക്ക് കൂട്ടുപിടിച്ചു. തുടര്‍ന്ന് ഇവര്‍ക്ക് അനിത വാതില്‍ തുറന്നുകൊടുക്കുന്നു, അകത്ത് കയറിയ ഇവര്‍ വീരുവിനെ കൊല്ലുന്നു.
കൊലയ്ക്ക് പിന്നാലെ വീരുവിന്റെ സഹോദരിയെ വിളിച്ച അനിത വീരുവിന് പെട്ടെന്ന് അസുഖം വന്നെന്നും വയ്യാതായെന്നും മരിച്ചെന്നും അറിയിച്ചു. എന്നാല്‍ ഇതില്‍ സംശയം തോന്നിയ വീരുവിന്റെ മൂത്ത സഹോദരന് ഗബ്ബര്‍ പൊലീസില്‍ കേസ് കൊടുക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മൊഴിയെടുത്തു. ഇതിന് പിന്നാലെ സമീപത്തെ സിസിടിവി പരിശോധിച്ച പൊലീസിന് വീട്ടിനകത്തേക്ക് കുട്ടി പറഞ്ഞത് പോലെ അഞ്ചാളുകള്‍ കടക്കുന്ന ദൃശ്യം ലഭിച്ചു. അനിത നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. മറ്റ് പ്രതികള്‍ ഒളിവിലാണ്.