പ്രതി വിനോദും കൊല്ലപ്പെട്ട പ്രിയംവദയും.
തിരുവനന്തപുരം വെള്ളറടയിൽ വീട്ടമ്മയെ കൊന്നു കുഴിച്ചിട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പനച്ചമൂട് പഞ്ചാകുഴി മാവുവിളവീട്ടിൽ പ്രിയംവദ (48) ആണ് കൊല്ലപ്പെട്ടത്. വിനോദ് (56), സഹോദരൻ സന്തോഷ് (54) എന്നിവരെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പിടിയിലായ പ്രതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പക്ഷേ ഇത് പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. വിനോദിനെ കൂടുതൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
കൊലപാതക വിവരം പുറത്തെത്തിച്ചത് വിനോദിന്‍റെ മക്കളാണ്. ഭാര്യ വിദേശത്തായതിനാൽ വിനോദ് ഒറ്റക്കും മക്കൾ രണ്ടുപേരും തൊട്ടടുത്ത വീട്ടിൽ ഭാര്യയുടെ അമ്മയ്ക്കൊപ്പവുമാണ് കഴിഞ്ഞിരുന്നത്. മക്കള്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ വീടിന്‍റെ പിന്നിലെ മണ്ണിൽ പ്രിയംവദയുടെ കാല് കാണുകയും അവർ വല്ല്യമ്മയോട് പറയുകയുമായിരുന്നു. ഇതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. ഇതിനിടെ മൃതദേഹം കട്ടിലിനടിയിൽ രണ്ടു ദിവസത്തോളം ഒളിപ്പിച്ച് വച്ചുവെന്നും വിനോദ് പറയുന്നു. ഇന്നലെ പുലർച്ചെ മൃതദേഹം വളപ്പിലെ സെപ്റ്റിക് ടാങ്കിനു സമീപം കുഴിച്ചിട്ടശേഷം പ്രതികൾ വീട് വൃത്തിയാക്കുന്നതിനിടെയാണ് പൊലീസ് ഇവരെ പിടികൂടിയത്.
കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ് പ്രിയംവദ. രണ്ട് പെൺമക്കളുടെ വിവാഹം കഴിഞ്ഞ ശേഷം ഒറ്റയ്ക്കായിരുന്നു താമസം. വ്യാഴാഴ്ച രാവിലെ ജോലിക്ക് പോകാനിറങ്ങിയപ്പോള്‍ കടം വാങ്ങിയ പണം പ്രിയംവദ വിനോദിനോട് ചോദിച്ചു. ആ തർക്കത്തിനിടെ വിനോദിന്റെ അടിയേറ്റ് പ്രിയംവദയുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് പ്രിയംവദയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് വിനോദിന്‍റെ കുറ്റസമ്മത മൊഴി. എന്നാല്‍ ഇതുകൂടാതെ മറ്റെന്തെങ്കിലും തർക്കം കൊലയ്ക്ക് കാരണമായിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.