തമിഴ്നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ എഡിജിപി ജയറാം അറസ്റ്റില്‍. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റുചെയ്തത്. കേസുമായി ബന്ധപ്പെട്ട് കെ.വി.കുപ്പം എംഎല്‍എ പൂവൈ ജഗന്‍ മൂര്‍ത്തിയോടും എഡിജിപി ജയറാമിനോടും ഇന്ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് എഡിജിപി ജയറാമിനോടും എംഎല്‍എ പൂവൈ ജഗന്‍ മൂര്‍ത്തിയോടും നേരിട്ട് ഹാജരാകാന്‍ മദ്രാസ് ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച കോടതി കേസന്വേഷണവുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ടു. എഡിജിപിയെ അറസ്റ്റുചെയ്യാനും ഉത്തരവിട്ടു.
കഴിഞ്ഞമാസമാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം നടന്നത്. തിരുവലങ്ങാട് 16കാരനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. മകനെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് 16കാരന്‍റെ അമ്മ പൊലീസില്‍ പരാതി നല്‍കി. പിന്നീടുള്ള കഥ ഇങ്ങനെ. ലക്ഷ്മിയുടെ മൂത്തമകന്‍ ധനുഷ് തേനിയിലുള്ള യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചു. ചെന്നൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ധനുഷ് സമൂഹമാധ്യമത്തിലൂടെയാണ് യുവതിയുമായി പരിചയപ്പെട്ടത്. വിവാഹവിവരമറിഞ്ഞതോടെ ധനുഷിനെ തട്ടിക്കൊണ്ടുപോകാന്‍ യുവതിയുടെ അച്ഛന്‍ തീരുമാനിച്ചു.
മുന്‍ പൊലീസ് ഉദ്യോഗസ്ഥ മഹേശ്വരിയുടെ സഹായം ഇതിനായി തേടി. ഇവര്‍ എഡിജിപിയെ സമീപിച്ചു. എഡിജിപി എംഎല്‍എയേയും ഇക്കാര്യം അറിയിച്ചുവെന്നാണ് വിവരം. ഇവര്‍ ഏര്‍പ്പാടാക്കിയ സംഘം വീട്ടിലെത്തിയപ്പോള്‍ ധനുഷ് ഉണ്ടായിരുന്നില്ല. പകരം ധനുഷിന്‍റെ അനുജനെ കടത്തിക്കൊണ്ടുപോയി. പൊലീസ് അന്വേഷണം ശക്തമായതോടെ എഡിജിപിയുടെ ഔദ്യോഗിക വാഹനത്തില്‍ യുവാവിനെ ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിട്ടുവെന്നാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് യുവതിയുടെ അച്ഛന്‍ അടക്കം അഞ്ചുപേരെ അറസ്റ്റുചെയ്തിരുന്നു. എംഎല്‍എ അടക്കമുള്ളവരുടെ പങ്കിനെ കുറിച്ച് ഇവര്‍ ചോദ്യംചെയ്തപ്പോള്‍ വെളിപ്പെടുത്തിയെന്നും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.