മുവാറ്റുപുഴയിൽ വാഹന പരിശോധനക്കിടെ എസ് ഐ യെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചവരെ തിരിച്ചറിഞ്ഞു. ഇടുക്കി മണിയാറൻകുടി സ്വദേശി മുഹമ്മദ് ഷെരീഫ് , സുഹൃത്ത് തൊടുപുഴ സ്വദേശി ആഫിസ് നിസാർ എന്നിവരാണ് കല്ലൂർക്കാട് എസ് ഐ, ഇ എം മുഹമ്മദിനെ ആക്രമിച്ചത്. പ്രതികളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കി
ഇന്നലെ വൈകിട്ട് വില്ലഞ്ചിറയിൽ വാഹന പരിശോധന നടത്തവെയാണ് എസ് ഐ മുഹമ്മദിനെ പ്രതികൾ കാറുകൊണ്ട് ഇടിച്ചു വീഴ്ത്തിയത്. ആക്രമണത്തിനുശേഷം ഇവർ കാറുമായി തൊടുപുഴയിലേക്ക് കടന്നു. വ്യാപക തിരച്ചിൽ നടത്തിയെങ്കിലും പ്രതികൾ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കാറോടിച്ച ഒന്നാം പ്രതി മുഹമ്മദ് ഷെരീഫ് മൂവാറ്റുപുഴയിൽ വാടകയ്ക്ക് താമസിക്കുകയാണ്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച മൂന്നുപേരെ കല്ലൂർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽനിന്ന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതയാണ് വിവരം. പ്രതികളെ കണ്ടെത്താൻ വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുകയാണ്. ആക്രമണം നടന്ന റോഡിൽ ഫോറൻസിക് പരിശോധന നടത്തും. കാലിനും കയ്യ്ക്കും പരുക്കേറ്റ എസ് ഐ മുഹമ്മദ് അപകടനില തരണം ചെയ്തു.