മേഘാലയയിൽ ഹണിമൂണിനിടെ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ മുഖ്യപ്രതിയും കൊല്ലപ്പെട്ട രാജ രഘുവംശിയുടെ ഭാര്യയുമായ സോനം മരിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ അജ്ഞാതയായ ഒരു സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കത്തിക്കാൻ കൊലയാളികൾ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സത്യം പുറത്തുവരാതിരിക്കാനും സോനത്തിന് രക്ഷപ്പെടാനും വേണ്ടിയായിരുന്നു ഈ നാടകം.
ഗൂഢാലോചനയുടെ മുഖ്യസൂത്രധാരൻ സോനത്തിന്‍റെ കാമുകന്‍ രാജ് കുശ്‌വാഹയാണെന്നും സോനവും ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നെന്നും ഈസ്റ്റ് ഖാസി ഹിൽസിലെ പൊലീസ് സൂപ്രണ്ട് വിവേക് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിവാഹത്തിന് മൂന്ന് മാസം മുമ്പ് ഫെബ്രുവരിയിൽ തന്നെ കൊലപാതകത്തിനുള്ള ആസൂത്രണം ആരംഭിച്ചിരുന്നു. മെയ് 19 ന് നവദമ്പതികൾ അസമിൽ എത്തുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സംഘം സ്ഥലത്തെത്തിയത്. ഗുവാഹത്തിയിലെവിടെയെങ്കിലും വച്ച് രാജയെ കൊല്ലാനായിരുന്നു ആദ്യം പ്ലാന്‍.
എന്നാല്‍ നടന്നില്ല. പിന്നീട് ഫോട്ടോയെടുക്കുന്നതിനിടെ മലമുകളില്‍നിന്ന് രാജാ രഘുവംശിയെ തള്ളിയിട്ട് കൊലപ്പെടുത്താനായിരുന്നു സോനത്തിന്‍റെ പദ്ധതി. ഈ രണ്ട് പദ്ധതികളും നടക്കാത്തതോടെ സംഘം ഷില്ലോങ്ങിലേക്കും പിന്നീട് സൊഹ്‌റയിലേക്കും വരാൻ പദ്ധതിയിടുകയായിരുന്നു. ശേഷം എല്ലാവരും നോൻഗ്രിയാറ്റിൽ കണ്ടുമുട്ടി, വീസവ്‌ഡോങ് വെള്ളച്ചാട്ടത്തിലേക്ക് ഒരുമിച്ച് യാത്ര തിരിക്കുകയും ചെയ്തു. അവിടെ വെച്ച് മൂവരും ചേർന്ന് രാജയെ പാർക്കിങ് സ്ഥലത്ത് വെച്ച് വടിവാൾ കൊണ്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഒരു മലയിടുക്കിലേക്ക് എറിഞ്ഞു. കേസില്‍ അറസ്റ്റിലായ നാല് കൊലയാളികളും സോനത്തിന്റെയും രാജിന്റെയും സുഹൃത്തുക്കളാണെന്നും അവരിൽ ഒരാൾ രാജിന്റെ ബന്ധുവാണെന്നും പൊലീസ് പറയുന്നു.
ഷില്ലോങ്ങിൽ നിന്ന് ഇൻഡോറിലേക്ക് ബുര്‍ഖ ധരിച്ചാണ് സോനം കടന്നത്. സോനം നദിയിൽ ഒലിച്ചുപോയി എന്ന് ആളുകളെ വിശ്വസിപ്പിക്കുകയായിരുന്നു ലക്ഷ്യം. അതല്ലെങ്കില്‍ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം സോനത്തിന്റെ സ്കൂട്ടറിൽ ഇട്ട് കത്തിച്ച് അത് സോനത്തിന്റേതാണെന്ന് അവകാശപ്പെടുക . സോനം രഘുവംശി, ആകാശ് രജ്‌പുത്, വിശാല്‍ സിംഗ് ചൗഹാന്‍, രാജ് സിംഗ് കുശ്വാഹ, ആനന്ദ് എന്നിവരാണ് പ്രതികള്‍.