കോഴിക്കോട് താമരശേരിയില്‍ വിദ്യാര്‍ഥിക്ക് ബസ് ജീവനക്കാരുടെ മര്‍ദനം. കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അനശ്വര്‍ സുനിലിനാണ് പരുക്കേറ്റത്. കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ജീവനക്കാരന് അനശ്വറിനെ മര്‍ദിച്ചത്.
ഓമശേരിയില്‍ നിന്നും കൊടുവള്ളിയിലേക്ക് വരുന്ന അസോറ ബസിലെ ജീവനക്കാരനാണ് അനശ്വറിനെ മര്‍ദിച്ചത്. കൂടത്തായിയില്‍ വെച്ച് അനശ്വറിന്റെ സുഹൃത്തുക്കള്‍ ബസില്‍ കയറി. യാത്രക്കാരുടെ തിരക്ക് അധികമാണെന്ന് പറഞ്ഞ് അനശ്വറിനെ ജീവനക്കാര്‍ ബസില്‍ കയറ്റിയില്ല. താമരശേരി പഴയബസ്റ്റാന്റില്‍ നിന്നും വീണ്ടും അസോറ ബസില്‍ കയറാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ ജീവനക്കാര്‍ തടഞ്ഞു. കണ്സഷന് കിട്ടില്ലെന്നും ഫുള്‍ടിക്കറ്റ് തരണമെന്നും ആവശ്യപ്പെട്ടു.
അനശ്വറിനെ ബസില്‍ നിന്നും ഇറക്കി വിടുന്നത് കണ്ട് സമീപത്ത് ഉണ്ടായിരുന്ന ടാക്സിജീവനക്കാരാണ് വീണ്ടും ബസില്‍ കയറ്റുന്നത്.കയറിയ ഉടനെ ജീവനക്കാര്‍ ഫുള്‍ടിക്കറ്റ് ആവശ്യപ്പെട്ട് തര്‍ക്കമായി. കണ്സഷന് കാര്‍ഡ് കാണിച്ചിട്ടും ജീവനക്കാര്‍ വഴങ്ങിയില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ജീവനക്കാരുടെ മര്‍ദനത്തില്‍ നെറ്റിയ്ക്കു പരുക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സ തേടി. വിദ്യാര്‍ഥികളുടെ പരാതിയില്‍ താമരശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.