കോഴിക്കോട് പന്തീരാങ്കാവിൽ സ്വകാര്യബാങ്കിനെ കബളിപ്പിച്ച് 40 ലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ. പന്തീരാങ്കാവ് സ്വദേശി ഷിബിൻ ലാൽ ആണ് ബസ് യാത്രയ്ക്കിടയിൽ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 50,000 രൂപ പൊലീസ് കണ്ടെടുത്തു. കൂടുതൽ പേർക്ക് പണം തട്ടിയതിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
കോഴിക്കോട് യൂണിവേഴ്സിറ്റി പരിസരത്തു നിന്നുമാണ് ബസ് യാത്രക്കിടയിൽ ഷിബിൻ ലാലിനെ പൊലീസ് പിടികൂടുന്നത്. ഇയാളിൽ നിന്ന് 50,000 രൂപയും കണ്ടെടുത്തു. ഒരുലക്ഷം രൂപയാണ് ഉണ്ടായിരുന്നതെന്നും അതിൽ 50,000 രൂപ ചെലവാക്കിയെന്നും ബാക്കി തുക കയ്യിൽ ഉണ്ടെന്നുമായിരുന്നു പ്രതിയുടെ മൊഴി. ബാക്കി 39 ലക്ഷം രൂപ കൈമാറ്റം നടത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽപേർക്ക് സംഭവത്തിൽ പങ്കുണ്ടെന്നും പൊലീസ് സംശയിക്കുന്നു. പണം തട്ടിയെടുക്കുന്ന സമയം സ്ഥലത്തുണ്ടായിരുന്ന ബാങ്ക് ജീവനക്കാരെ രണ്ടാം ദിവസവും ചോദ്യം ചെയ്തു. ഒളവണ്ണയിലെ കോഴിക്കോടൻ കുന്നിൽ നിന്നും ഇന്നലെ പ്രതി പണം തട്ടിയെടുക്കാൻ ഉപയോഗിച്ച സ്കൂട്ടർ കണ്ടെത്തിയിരുന്നു. ബുധനാഴ്ചയാണ് സ്വകാര്യസ്ഥാപനത്തിൽ പണയം വച്ച് സ്വർണ്ണം സ്വകാര്യ ബാങ്കിലേക്ക് മാറ്റിവയ്ക്കാൻ എന്ന് വിശ്വസിപ്പിച്ച് ബാങ്ക് ജീവനക്കാരിൽ നിന്നും ഷിബിൻ ലാൽ 40 ലക്ഷം രൂപ കവർന്നത്.