വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശമയച്ച പൊലീസുകാരന് സസ്പെന്‍ഷന്‍. കോഴിക്കോട് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ കടമേരി സ്വദേശി സുരേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. വീട്ടമ്മയുടെ പരാതിയില്‍ സുരേഷിനെതിരെ നാദാപുരം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.
റൂറല്‍ എസ്പിയുടെ ഉത്തരവിലാണ് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ സുരേഷിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ആദ്യമാദ്യം വാട്സാപ്പിലൂടെ മെസേജ് വന്നപ്പോള്‍ ആവര്‍ത്തിക്കരുതെന്ന് വീട്ടമ്മ പലകുറി പറഞ്ഞു, ഒന്നുംവകവക്കാതെ സുരേഷ് സന്ദേശങ്ങള്‍ തുരുതുരാ അയച്ചുകൊണ്ടിരുന്നു. പിന്നീട് വീട്ടമ്മ ഭര്‍ത്താവിനോടും കാര്യം അവതരിപ്പിച്ചു. ഭര്‍ത്താവും പലതവണ പൊലീസുകാരനോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇതൊന്നും കേട്ടതായി ഭാവിക്കാതെ വാട്സാപ്പിനു പുറമേ ഇന്‍സ്റ്റഗ്രാമിലൂടെയും ഇയാള്‍ സന്ദേശം അയച്ചുതുടങ്ങി. നിരന്തരശല്ല്യമായതോടെയാണ് പൊലീസില്‍ പരാതി നല്‍കാനായി ദമ്പതികള്‍ തീരുമാനിച്ചത്. സുരേഷിനെതിരെ നാദാപുരം പൊലീസിനു വീട്ടമ്മ പരാതി നല്‍കി. പിന്നാലെ ഇയാള്‍ക്കെതിരെ കേസെടുത്തു. തുടര്‍ന്നാണ് സസ്പെന്‍ഷന്‍ നടപടി. വകുപ്പുതല നടപടിക്ക് പുറമേ പൊലീസ് നടപടിയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.