ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തിയശേഷം പെട്രോളൊഴിച്ച് കത്തിച്ചു . 23കാരിയായ സരസ്വതി മാലിയനെ കൊലപ്പെടുത്തിയ രജ്‍വീര്‍ സിങും (55), സുമിത്തും(24) അറസ്റ്റിലായി. യുവതിയുടെ പ്രണയബന്ധത്തിലെ എതിര്‍പ്പാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ പങ്കുള്ള സുമിത്തിന്‍റെ സുഹൃത്ത് ഗുര്‍ദയാല്‍ സിങ് ഒളിവിലാണ്.
ഗുഡ്ഗാവില്‍ ഒരു ഇ–കോമേഴ്സ് കമ്പനിയിലെ ജോലിക്കാരിയിയായിരുന്നു സരസ്വതി. ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന അമിത് എന്നയാളുമായി യുവതി ലിവ്–ഇന്‍ റിലേഷനിലായിരുന്നു. 2019 ല്‍ സരസ്വതിയുടെ വിവാഹം നടന്നെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം ബന്ധം പിരിഞ്ഞു. 2022 ല്‍ കുടുംബം മറ്റൊരു വിവാഹത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഈ വര്‍ഷമാണ് അമിതുമായി സരസ്വതി അടിക്കുന്നതും ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തീരുമാനമെടുത്തതും.
അമിതുമായുള്ള ബന്ധത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായതോടെ അനുനയിപ്പിക്കാന്‍ മേയ് പത്തിന് സരസ്വതി മുസാഫര്‍നഗറിലെ വീട്ടിലെത്തിയിരുന്നു. പക്ഷേ ഈ ബന്ധം അംഗീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല . സരസ്വതിയും നിലപാടില്‍ ഉറച്ചു നിന്നതോടെ വഴക്കായി. സരസ്വതിയെ വീട്ടില്‍ തടഞ്ഞുവച്ചായിരുന്നു കൊലപാതകം . ഈ സമയം വീട്ടിലുണ്ടായിരുന്ന സുമിത്തിന്‍റെ സുഹൃത്ത് ഗുര്‍ദയാല്‍ സിങ് സരസ്വതിയെ ബലമായി പിടിച്ചു നിര്‍ത്തി . തുടര്‍ന്ന് പിതാവ് രജ്‍വീര്‍ സിങും, സുമിത്തും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി . മൃതദേഹം ഇവര്‍ ആരും കാണാതെ അഞ്ചുകിലോമീറ്റര്‍ അകലെയുള്ള കാട്ടിലെത്തിച്ച് പെട്രോളൊഴിച്ച് കത്തിച്ചു. പാതികത്തിയ നിലയില്‍ മെയ് 30നാണ് മൃതദേഹം ലഭിക്കുന്നത് .
കേസ് വഴിതിരിച്ചുവിടാന്‍ സരസ്വതിയെ കാണാനല്ലെന്ന് കാണിച്ച് ജൂണ്‍ രണ്ടിന് കുടുംബം പരാതി നല്‍കുകയും ചെയ്തു. കയ്യിലെ വളയില്‍ നിന്നാണ് കാട്ടില്‍ നിന്ന് ലഭിച്ച മൃതദേഹം സരസ്വതിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. തുടന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ രജ്‍വീര്‍ സിങും, സുമിത്തും കുറ്റം സമ്മതിച്ചു . ഗുര്‍ദയാല്‍ നിലവില്‍ ഒളിവിലാണ്.
മേയ് 26 നാണ് സരസ്വതി അവസാനമായി വിളിച്ചതെന്നും വീട്ടുകാരെ ബോധ്യപ്പെടുത്താനുള്ള അവസാന ശ്രമമാണിതെന്നുമാണ് അന്ന് തന്നോട് പറഞ്ഞതെന്നും അമിത് പൊലീസിന് മൊഴി നല്‍കി.