മേഘാലയയിൽ ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും നടത്തിയ ആസൂത്രണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നതില്‍ ക്വട്ടേഷന്‍സംഘത്തിന് പാളിച്ചപറ്റിയാല്‍ താന്‍ തന്നെ കൃത്യം നടത്താമെന്ന് സോനം രഘുവംശി പറഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ട്. ഹണിമൂണ്‍ യാത്രയില്‍ ഫോട്ടോയെടുക്കുന്നതിനിടെ മലമുകളില്‍നിന്ന് ഭര്‍ത്താവായ രാജാ രഘുവംശിയെ തള്ളിയിട്ട് കൊലപ്പെടുത്താനായിരുന്നു സോനത്തിന്റെ പദ്ധതി.
ഫോട്ടോയെടുക്കുന്നതിനിടെ മലമുകളില്‍നിന്ന് ഭര്‍ത്താവിനെ തള്ളിയിട്ട് കൊലപ്പെടുത്താമെന്നായിരുന്നു യുവതിയുടെ തീരുമാനം. എന്നാല്‍, മുന്‍കൂട്ടി ആസൂത്രണംചെയ്തതുപോലെ വാടകകൊലയാളികള്‍ തന്നെ രാജാ രഘുവംശിയെ കൊലപ്പെടുത്തുകയായിരുന്നു.രാജാ രഘുവംശിയുമായുള്ള വിവാഹംകഴിഞ്ഞ് മൂന്നുദിവസത്തിനുള്ളിലാണ് സോനവും കാമുകനും തമ്മില്‍ കൊലപാതകത്തിനുള്ള ആസൂത്രണങ്ങള്‍ ആരംഭിച്ചത്. ഇതിനിടെ, ഭര്‍ത്താവുമായുള്ള ശാരീരിക അടുപ്പം കുറയ്ക്കാനും സോനം ശ്രദ്ധിച്ചിരുന്നു. ശാരീരികബന്ധത്തിലേര്‍പ്പെടാതിരിക്കാന്‍ ക്ഷേത്രദര്‍ശനങ്ങള്‍ക്ക് യുവതി ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു. ജീവിതത്തില്‍ ഐശ്വര്യമുണ്ടാകാന്‍ ക്ഷേത്രദര്‍ശനം സഹായിക്കുമെന്നും അതിനാല്‍ ഈ സമയത്ത് ശാരീരികമായ അടുപ്പം പാടില്ലെന്നും വിശ്വസിപ്പിച്ചു. തുടര്‍ന്ന് സോനം രഘുവംശിതന്നെയാണ് മേഘാലയ യാത്രയ്ക്ക് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതെന്നും പൊലീസ് പറഞ്ഞു.
മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെയാണ് ഇന്ദോര്‍ സ്വദേശിയായ രാജ രഘുവംശിയെയും ഭാര്യ സോനത്തെയും മേയ് 23 മുതല്‍ കാണാതായത്. സംഭവത്തില്‍ തുടക്കംമുതലേ പൊലീസിന് സോനം രഘുവംശിയെ സംശയമുണ്ടായിരുന്നു. ഇതിനിടെ, യുവതി കൊലയാളികളായ മൂന്നുപേരുമായി സംസാരിക്കുന്നതിന്റെ ചില സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തുവെച്ചാണ് സോനവും വാടക കൊലയാളികളും പരസ്പരം സംസാരിച്ചുനില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തത്. പിന്നാലെ, സോനത്തിന്റെ മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതോടെ രാജ് കുശ്വ എന്നയാളുമായി യുവതി അടുപ്പത്തിലാണെന്ന വിവരവും സ്ഥിരീകരിച്ചു. ഇതോടെയാണ് സോനം രഘുവംശിയെ പിടികൂടാനായി 'ഓപ്പറേഷന്‍ ഹണിമൂണ്‍' എന്ന പേരില്‍ ജൂണ്‍ ഏഴാം തീയതി മുതല്‍ മേഘാലയ പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചത്.