നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ കൃഷ്ണയുടെ കടയിൽ ജീവനക്കാർ സാമ്പത്തിക തിരിമറി നടത്തിയെന്ന് ഉറപ്പിച്ചു പോലീസ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കടയിലെ മൂന്നു ജീവനക്കാരുടെയും അക്കൗണ്ടിലേക്ക് 63 ലക്ഷം രൂപ എത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്.
2024 ജനുവരി മുതൽ കഴിഞ്ഞ മെയ് മാസം വരെയുള്ള ഇടപാടുകൾ പരിശോധിച്ചതില്‍ നിന്നാണ് ലക്ഷങ്ങളുടെ കൈമാറ്റം സ്ഥിരീകരിച്ചത്. അതിനാല്‍ കടയിലെ ആഭരണങ്ങൾ വിറ്റു കിട്ടിയ പണം ഇവർ കൈക്കലാക്കി എന്ന കൃഷ്ണകുമാറിന്റെയും മകൾ ദിയ കൃഷ്ണന്റെയും പരാതിയില്‍ ശരിയുണ്ടെന്ന നിഗമനത്തിലേക്കാണ് പൊലീസ് നീങ്ങുന്നത്. എങ്കിലും അറസ്റ്റ് പോലുള്ള തുടർ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് ഓഡിറ്ററെ ഉപയോഗിച്ച് ബാങ്ക് ഇടപാടുകൾ വീണ്ടും പരിശോധിക്കാനും പോലീസ് തീരുമാനിച്ചു.
അക്കൗണ്ടിലെത്തിയതില്‍ ഭൂരിഭാഗം തുകയും ഇവര്‍ പിന്‍വലിച്ചിട്ടുണ്ട്. നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചതെന്നാണ് ജീവനക്കാര്‍ ആദ്യം പറഞ്ഞത്. ജീവനക്കാരികൾ അവരുടെ ബന്ധുക്കൾക്ക് പണം അക്കൗണ്ട് വഴി നൽകിയിട്ടുമുണ്ട്.
അതിനിടെ ജീവനക്കാർ ഒളിവിൽ പോയതായി പോലീസ് സംശയിക്കുന്നുണ്ട്. ഇന്നലെയും മൊഴി നൽകാൻ മ്യൂസിയം പോലീസ് മുന്നിൽ എത്തിയില്ല.