sex-racket

കോഴിക്കോട് മലാപ്പറമ്പിലെ സെക്സ് റാക്കറ്റ് കേസില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം. കേസിലെ മുഖ്യപ്രതിയായ വയനാട് സ്വദേശി ബിന്ദുവിന്‍റെ ഫോണില്‍ പൊലീസുകാര്‍ ബന്ധപ്പെട്ടതിന്‍റെ സൂചനകള്‍ ലഭിച്ചു. കൂടുതല്‍ തെളിവിനായി ഫോണ്‍ വിശദമായ പരിശോധന നടത്തും. ആരോപണത്തെ തുടര്‍ന്ന് രണ്ടുപൊലീസുകാരെയും നിലവില്‍ ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് മാറ്റിനിര്‍ത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മലാപ്പറമ്പിലെ ലോഡ്ജ് കേന്ദ്രീകരിച്ചു നടത്തിയ റെയ്ഡില്‍ ആറുസ്ത്രീകളടക്കം ഒന്‍പതുപേര്‍ പിടിയിലായത്.

കേസില്‍ കൂടുതല്‍ പേരുണ്ടെന്ന സംശയത്തിലാണ് പൊലീസ്. കേസിലെ ഒന്നാം പ്രതിയായ ബിന്ദു മുന്‍പും സമാനകേസുകളില്‍ അറസ്റ്റിലായിട്ടുണ്ടെന്നും വ്യക്തമായി. 2022-ല്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയതിനാണ് അവര്‍ ഒടുവില്‍ പിടിയിലായത്. പിടിയിലായവരില്‍ ബിന്ദു ഒഴികെയുള്ളവര്‍ക്ക് ശനിയാഴ്ചതന്നെ ജാമ്യം ലഭിച്ചു. ബിന്ദു റിമാന്‍ഡില്‍ കഴിയുകയാണ്.

രണ്ടുമാസം മുന്‍പാണ് കേന്ദ്രം ഇവിടെ പ്രവര്‍ത്തനം തുടങ്ങിയതെന്നും തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് യുവതികളെ ഇങ്ങോട്ട് എത്തിച്ചുതുടങ്ങിയതെന്നുമാണ് വിവരം. വീട് വാടകയ്ക്കെടുത്ത സമയത്ത് ഉടമകള്‍ക്ക് നല്‍കിയ വിവരങ്ങളെല്ലാം തെറ്റാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് ഫുട്ബാള്‍ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് നല്‍കിയത്. അതിനുശേഷം എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്ന് അപ്പാര്‍ട്ട്‌മെന്റ് ഉടമകളിലൊരാള്‍ വ്യക്തമാക്കി. അപ്പാര്‍ട്‌മെന്റിന് നാല് ഉടമകളാണുള്ളത്.

ENGLISH SUMMARY:

Two police officers are under investigation in connection with the sex racket case in Malaparamba, Kozhikode. Indications have emerged that the officers were in contact with the prime accused, Bindu, a native of Wayanad. A detailed examination of the phone will be conducted to gather more evidence.