വിവാഹത്തട്ടിപ്പുകേസില്‍ അറസ്റ്റിലായ ഉദയംപേരൂര്‍ രേഷ്മയുടെ തട്ടിപ്പിന്‍റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 2014ല്‍ എറണാകുളം സ്വദേശിയെ വിവാഹം ചെയ്താണ് രേഷ്മയുടെ തട്ടിപ്പ് ആരംഭിക്കുന്നത്. അങ്കമാലി, തിരുവനന്തപുരം, തൊടുപുഴ, കൊല്ലം സ്വദേശികളൊക്കെ രേഷ്മയുടെ ഇരകളായിരുന്നു.
ഇപ്പോഴിത രേഷ്മയുടെ ഒരു തട്ടിപ്പ് രീതി പുറത്തുവന്നിരിക്കുകയാണ്. സ്വന്തം വിവാഹപരസ്യം നല്‍കി അമ്മയെന്ന് പരിചയപ്പെടുത്തിയാണ് രേഷ്മ ഇരകളോടും അവരുടെ കുടുംബത്തോടും ആദ്യം ഫോണിലൂടെ സംസാരിക്കുക. അവസാന വിവാഹത്തിലും ബിഹാറില്‍ അധ്യാപികയായ മകള്‍ക്ക് വേണ്ടി എന്ന് പറഞ്ഞാണ് രേഷ്മ നമ്പര്‍ കൈമാറിയത്. ബിഹാറില്‍ നിന്ന് മകള്‍ തിരിച്ചെത്തി എന്നറിയിച്ച് രേഷ്മ തന്നെ വരനെ കാണാനെത്തും.
അവസാന വിവാഹത്തിനായി ജൂണ്‍ അഞ്ചിന് രേഷ്മ എത്തിയതും വിവാഹ വാഗ്ദാനം നല്‍കിയ കോട്ടയം സ്വദേശിക്കൊപ്പമാണ്. അന്നുതന്നെ താലികെട്ടാമെന്ന് കോട്ടയം സ്വദേശി പറഞ്ഞത് അനുസരിച്ച് അമ്പലത്തില്‍ എത്തിയെങ്കിലും നടയടച്ചതിനാല്‍ മടങ്ങുകയായിരുന്നു. ഈ താലിയാണ് രേഷ്മയുടെ ബാഗില്‍ ഉണ്ടായിരുന്നത്.
വിവാഹത്തിന് ഒരാഴ്ചക്ക് ശേഷം കടന്നുകളയുന്നതാണ് രേഷ്മയുടെ രീതി. എന്നാല്‍ കൊല്ലം സ്വദേശിക്കൊപ്പം മാത്രമാണ് രേഷ്മ അധികകാലം താമസിച്ചത്. ആ ബന്ധത്തില്‍ ഒരു മകനും ഉണ്ട്. കസ്റ്റഡിയില്‍ കഴിയുന്ന രേഷ്മ തന്നെ ജയിലില്‍ അടക്കണമെന്നും അല്ലെങ്കില്‍ താന്‍ തെറ്റ് ആവര്‍ത്തിക്കുമെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.