മോഷ്ടിച്ച ഓട്ടോറിക്ഷയില്‍ കാമുകിക്കൊപ്പം കുറ്റിപ്പുറത്തുനിന്ന് പത്തനംതിട്ടയിലേക്ക് അടിപൊളി യാത്ര. വരുന്നവഴി പെരുമ്പാവൂരിലെ പമ്പില്‍ കയറി കള്ളത്തരം കാണിച്ച് പെട്രോള്‍ അടി. പത്തനംതിട്ടയിലെത്തിയപ്പോള്‍ കുരിശടി തകര്‍ത്ത് മോഷണം. പിന്നെ അങ്ങാടിക്കലിലെ കാമുകിയുടെ വാടക വീട്ടില്‍ താമസിച്ച് നാട്ടിലേക്കിറങ്ങി രണ്ട് ബൈക്ക് കവര്‍ച്ച. ഒടുവില്‍ പൊലീസ് വലയില്‍.
പറഞ്ഞ് വരുന്നത് കാമുകിയ്‌ക്കൊപ്പം ഒന്നിച്ചു കഴിയാൻ പത്തനംതിട്ടയിലെത്തിയ കുറ്റിപ്പുറം സ്വദേശിയായ കാമുകൻ അനന്തകൃഷ്ണനെ പറ്റിയാണ്. ഇയാള്‍ 10 ദിവസത്തിനിടെ പ്രതിയായത് 4 മോഷണക്കേസുകളിലാണ്. വാഴമുട്ടത്തെ കുരിശടി മോഷണശ്രമക്കേസിൽ പിടിയിലായപ്പോഴാണ് മേയ് 20 മുതൽ 30 വരെ ഇയാൾ നടത്തിയ 3 വാഹന മോഷണക്കേസുകൾ കൂടി തെളിഞ്ഞത്. ഒരു കേസിൽ തുടങ്ങിയ അന്വേഷണം 7 ദിവസം പിന്നിട്ടപ്പോൾ 4 കേസുകളായി
10 ദിവസത്തെ ഇടവേളയിൽ പത്തനംതിട്ടയിൽനിന്ന് 2 ബൈക്കുകളും കുറ്റിപ്പുറത്ത്നിന്ന് ഓട്ടോറിക്ഷയും മോഷ്ടിച്ച കേസുകളാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. വള്ളിക്കോട് സ്വദേശിനിയായ പെൺകുട്ടിയുമായി കഴിഞ്ഞ ഒരു മാസമായി ഇയാൾ അങ്ങാടിക്കലിൽ വാടകയ്ക്കു താമസിക്കുകയാണ്.