TOPICS COVERED

പത്തനംതിട്ടയിൽ കുരിശടിയുടെ കണ്ണാടി തകർത്തയാളെ പിടികൂടിയത് മലപ്പുറത്തുനിന്ന് മോഷ്ടിച്ച  ഓട്ടോറിക്ഷയുമായി . മലപ്പുറം സ്വദേശി അനന്തകൃഷ്ണനാണ് പിടിയിലായത്. ഒപ്പം പത്തനംതിട്ടയിലെ രണ്ടു ബൈക്ക് മോഷണം കൂടി തെളിഞ്ഞു.

30ന് രാത്രിയാണ്  വാഴമുട്ടം സെന്‍റ് ബഹനാന്‍സ് പളളി കുരിശടിയുടെ ചില്ലുകള്‍ തകര്‍ക്കപ്പെട്ടത്. സിസിടിവിയിൽ പതിഞ്ഞ ഓട്ടോറിക്ഷയുടെ ദൃശ്യങ്ങൾ വെച്ച് പൊലീസ് അന്വേഷിച്ചു. വള്ളിക്കോട് വെച്ച് സമാനമായ ഓട്ടോറിക്ഷ കണ്ടെത്തി. ചോദ്യം ചെയ്യലിൽ കുരിശടിയുടെ ചില്ലു തകർത്തത് സമ്മതിച്ചു. കവർച്ചയായിരുന്നു ലക്ഷ്യമെങ്കിലും നടന്നില്ല. 18 വയസ്സുകാരിയായ കാമുകിയെയും കടത്തിക്കൊണ്ടുവന്ന് വാഴമുട്ടത്തിന് സമീപം വാടകയ്ക്ക് കഴിയുകയായിരുന്നു അനന്തകൃഷ്ണൻ. ചോദ്യം ചെയ്യലിൽ പത്തനംതിട്ടയിലെ രണ്ടു ബൈക്ക് മോഷണങ്ങൾ കൂടി തെളിഞ്ഞു. ഉപയോഗിച്ച ഓട്ടോറിക്ഷ കുറ്റിപ്പുറത്തുനിന്ന് മോഷ്ടിച്ചതാണെന്നും പ്രതി സമ്മതിച്ചു.

28ന് രാത്രിയാണ് മലപ്പുറം കുറ്റിപ്പുറത്തുനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ചത്. ഇതുമായി പെരുമ്പാവൂരിലെ പെട്രോൾ പമ്പിൽ നിന്ന് 700 രൂപയുടെ പെട്രോൾ അടിച്ച ശേഷം പണം കൊടുക്കാതെ മുങ്ങി. പമ്പുടമയുടെ പരാതി പ്രകാരം ഓട്ടോറിക്ഷ ഉടമയെ ബന്ധപ്പെട്ടപ്പോൾ മോഷണ വിവരം മനസ്സിലായി. അന്വേഷണം നടക്കുന്നതിനിടെയാണ് ഓട്ടോറിക്ഷ കണ്ടെത്തിയ വിവരം പത്തനംതിട്ട പോലീസ് അറിയിക്കുന്നത്.   മുന്‍പ് വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തിരുന്ന ആളാണ് അനന്തകൃഷ്ണന്‍. വാഹനങ്ങളുടെ പൂട്ട് പൊളിച്ച്- വയറുകള്‍  കൂട്ടിയോജിപ്പിച്ചാണ്  വാഹനം സ്റ്റാര്‍ട്ടാക്കി മുങ്ങുന്നത്.

ENGLISH SUMMARY:

Police have arrested Ananthakrishnan from Malappuram in connection with the vandalism of a crucifix's glass at St. Behanans Church in Vazhamuttom, Pathanamthitta. He was caught with a stolen auto-rickshaw from Malappuram, and his arrest also led to solving two other bike theft cases in Pathanamthitta. Ananthakrishnan admitted to vandalizing the crucifix with the intent to steal, and revealed his method of hot-wiring vehicles after scouting locked homes. The auto-rickshaw he was using was stolen from Kuttippuram, Malappuram, and he had also absconded without paying for fuel at a petrol pump in Perumbavoor. Ananthakrishnan, a former workshop employee, is known for his skill in starting vehicles by breaking locks and joining wires.