പാലക്കാട് മണ്ണാര്‍ക്കാട് ശിവന്‍കുന്നില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതിയെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് മായനാട് താഴെചപ്പങ്ങതോട്ടത്തില്‍ ഷാലു ആണ് അറസ്റ്റിലായത്. തമിഴ്‌നാട് ഉദുമല്‍പേട്ടയിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡില്‍വെച്ച് സിഐ എം.ബി. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.
കഴിഞ്ഞ മെയ് 31നാണ് ശിവന്‍കുന്ന് ശ്രീലയത്തില്‍ റിട്ട.അധ്യാപകന്‍ ശ്രീധരന്റെ വീട്ടിൽ കവര്‍ച്ച നടന്നത്. 27.2 പവന്‍ സ്വര്‍ണവും 12,500 രൂപയും നഷ്ടപ്പെട്ടതായാണ് പോലീസിന് ലഭിച്ച പരാതി. ശ്രീധരനും ഭാര്യയും ബെംഗളൂരുവിലുള്ള മകന്റെ വീട്ടിലേക്ക് പോയതായിരുന്നു. വീട് തുറന്നു കിടക്കുന്നത് കണ്ട അയൽക്കാരാണ് മോഷണ വിവരം അറിഞ്ഞത്.
കേസിൽ പ്രതി താഴെചപ്പങ്ങതോട്ടത്തില്‍ ഷാലുവിനെ പൊലീസ് വിദഗ്ധമായി പിടികൂടി. വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് മോഷ്ടാവിനെക്കുറിച്ചുള്ള സൂചന ലഭിച്ചിരുന്നു. പകല്‍സമയം ബൈക്കിലെത്തി പൂട്ടികിടക്കുന്ന വീടുകള്‍ നോക്കിവെച്ച് രാത്രിയില്‍ മോഷണം നടത്തുന്നതാണ് രീതി.
മോഷണശേഷം നാടുവിട്ട പ്രതിയെ തമിഴ്‌നാട് ഉദുമല്‍പേട്ടയിൽ നിന്നാണ് പിടികൂടിയത്. അറസ്റ്റുരേഖപ്പെടുത്തിയശേഷം, മോഷ്ടിച്ച സ്വര്‍ണം വിറ്റുവെന്നുപറയുന്ന മലപ്പുറത്തെ ജ്വല്ലറിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയി. പ്രതിയെ മോഷണത്തിന് സഹായിച്ചവരെ പറ്റി പൊലീസ് പരിശോധിച്ച് വരികയാണ്.