പ്രതികളായ വിന്‍സെന്‍റും ചന്ദ്രബോസും.
തിരുവനന്തപുരം പേരെയ്ക്കോണത്ത് ചുമട്ടുതൊഴിലാളിയെ ക്രൂരമായി ആക്രമിച്ച് സഹോദരങ്ങള്‍. പേരെയ്ക്കോണം സ്വദേശികളായ വിന്‍സെന്റ്, ചന്ദ്രബോസ് എന്നിവരാണ് വര്‍ഗീസ് എന്നയാളെ ആക്രമിച്ചത്. മൂവരും ചുമട്ടുതൊഴിലാളികളാണ്. കഴിഞ്ഞ 17-ന് വൈകിട്ട് അഞ്ചുമണിയോടെ പേരെയ്ക്കോണത്തായിരുന്നു സംഭവം. പണികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വര്‍ഗീസിനെ ഇരുവരുംചേര്‍ന്ന് അതിക്രൂരമായി മര്‍ദിച്ചവശനാക്കിയശേഷം കൈയില്‍ കരുതിയിരുന്ന വളഞ്ഞ ഇരുമ്പ് കൊളുത്ത് വര്‍ഗീസിന്റെ ജനനേന്ദ്രിയത്തില്‍ കുത്തിയിറക്കി.
ചുമട്ടുതൊഴിലാളി യൂണിയന്‍ ഭാരവാഹിയാണ് വര്‍ഗീസ്. ഐഎന്‍ടിയുസി യൂണിയന്‍ പേരെയ്ക്കോണം യൂണിറ്റ് കണ്‍വീനനാണ്. വിന്‍സെന്റും ചന്ദ്രബോസും മുന്‍പ് ഐഎന്‍ടിയുസി യൂണിയനിലാണ് പ്രവര്‍ത്തിച്ചിരുന്നത്. നാലുവര്‍ഷം മുമ്പ് ഇതിലൊരാള്‍ എഐടിയുസി യൂണിയനിലും മറ്റൊരാള്‍ സിഐടിയുവിലേക്കും മാറി. ഇടയ്ക്കിടെ വര്‍ഗീസുമായി ഇവര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും തുടര്‍ന്നുണ്ടായ മുന്‍വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നുമാണ് വിവരം.
ആക്രമണത്തിനുശേഷം ഒളിവില്‍പ്പോയ പ്രതികളെ വെഞ്ഞാറുമൂട്ടില്‍നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ആര്യങ്കോട് എസ്എച്ച്ഒ തന്‍സീം അബ്ദുല്‍ സമദിന്റെ നേതൃത്വത്തില്‍ സിപിഒ അരുണ്‍, ഷാഡോ സംഘാംഗങ്ങളായ ബൈജു, നവീന്‍, വിനീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.