തൃശൂര്‍ പടിയൂര്‍ ഇരട്ടക്കൊലയില്‍ പ്രതി പ്രേംകുമാര്‍ ഉദയംപേരൂര്‍ വിദ്യ കൊലക്കേസിലെയും പ്രതി. ആദ്യഭാര്യ വിദ്യയെ കൊന്ന് കാട്ടില്‍ കുഴിച്ചുമൂടിയ കേസില്‍ ജാമ്യത്തിലിറങ്ങി. പടിയൂരില്‍ കൊലപ്പെടുത്തിയത് രണ്ടാംഭാര്യ രേഖയെയും രേഖയുടെ അമ്മ മണിയേയും. ഇരുവരേയും കൊന്നത് കഴുത്തുഞെരിച്ചാണ്. പ്രേംകുമാറിനായി ലുക്ക് ഔട്ട് നോട്ടിസ്  പുറത്തിറക്കിയിട്ടുണ്ട്.

ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീടിനകത്തേയ്ക്കു നോക്കിയപ്പോഴാണ് രേഖയുടെ അമ്മ മണിയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്കരികില്‍ ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളുമുണ്ടായിരുന്നു. വീടിന്‍റെ വാതിലുകളെല്ലാം അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പുറകിലെ വാതില്‍ തള്ളിതുറന്നാണ് പൊലീസ് അകത്തു കയറിയത്. ഭര്‍ത്താവിന് എതിരെ രേഖ കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇരുവരേയും കൗണ്‍സിലിങ്ങിന് വിളിപ്പിച്ചിരുന്നു. രേഖയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമെ, മരണകാരണം വ്യക്തമാകൂ. വിഷം ഉള്ളില്‍ചെന്നിട്ടുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കാട്ടൂര്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

2019 ലാണ് നാടിനെ നടുക്കിയ ഉദയംപേരൂര്‍ വിദ്യ വധം. ചങ്ങനാശേരി സ്വദേശി പ്രേംകുമാർ ജോലിയോട് അനുബന്ധിച്ചാണ് ഭാര്യ വിദ്യയ്ക്കൊപ്പം കൊച്ചി ഉദയംപേരൂർ നടക്കാവ് ആമേട അമ്പലത്തിന് സമീപം വീട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചത്. ഇതിനിടെയാണ് ഹൈദരാബാദിൽ ജോലി ചെയ്തിരുന്ന സഹപാഠി സുനിതയെ സ്കൂൾ റീയൂണിയനിൽ പ്രേംകുമാർ വീണ്ടും കണ്ടു മുട്ടുന്നതും പ്രണയത്തിലാകുന്നതും. ഒരുമിച്ചു ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുനിതയും പ്രേംകുമാറും ചേര്‍ന്ന് വിദ്യയെ കൊലപ്പെടുത്തുന്നത്. 

സെപ്റ്റംബർ 20ന് വിദ്യയുമായി തിരുവനന്തപുരം പേയാടുള്ള വില്ലയിൽ എത്തിയ ശേഷം അമിതമായി മദ്യം നൽകി കഴുത്തിൽ കയറിട്ടു കുരുക്കി കൊലപ്പെടുത്തി. തുടര്‍ന്ന് വിദ്യയുടെ മൃതദേഹം കാറില്‍ തിരുനെല്‍വേലിയിലെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നു. ഇതിനുശേഷം ദിവ്യയെ കാണാനില്ലെന്ന് പ്രേംകുമാര്‍ സുനിതയ്ക്കൊപ്പം എത്തി പൊലീസിന് പരാതി നല്കുകയും ചെയ്തു. പ്രേംകുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതോടെയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയതും ഇരുവരും പിടിയിലായതും.

ENGLISH SUMMARY:

Premkumar, the prime suspect in the brutal double murder at Padiyur, Thrissur, is also accused in a previous murder case involving his first wife Vidya, whom he allegedly killed and buried in the forest. Released on bail in the Udayamperoor case, Premkumar has now reportedly strangled and killed his second wife Rekha and her mother Mani. A Lookout Notice has been issued as police intensify their efforts to capture the absconding accused. The case has shocked Kerala with its brutality and repeated pattern of domestic violence turning fatal.