ആദ്യം സൗഹൃദം കൂടും പിന്നെ ആ പരിചയം മുന്‍നിര്‍ത്തി നഗ്ന ഫോട്ടോ എടുക്കും, ഇതിന് പിന്നാലെ ഭീഷണിപ്പെടുത്തി പണം തട്ടും. ഇതാണ് ധന്യ എന്ന മുപ്പത്തിയേഴുകാരിയുടെ തട്ടിപ്പ് സ്റ്റൈല്‍. അവസാനം പലനാള്‍ കള്ളി ഒരുനാള്‍ പിടിയിലായി. ഹണി ട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും, 61 പവന്റെ സ്വർണാഭരങ്ങളും തട്ടിയെടുത്ത കേസിലാണ് മുഖ്യ പ്രതി അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂർ ധന്യ അറസ്റ്റിലായത്.
2022 മാർച്ച് മുതൽ ഡിസംബർ വരെയുള്ള കാലയളവിലായിരുന്നു സംഭവം. പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇയാളുമായുള്ള നഗ്നചിത്രങ്ങൾ എടുക്കുകയും ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഗർഭിണിയാണെന്ന പരിഗണനയിൽ ജാമ്യത്തിൽ വിട്ടു. കേസിലെ മറ്റു പ്രതികളായ അലൻ തോമസ്, അർജുൻ ഗോപി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.