വാഹനാപകടത്തെ തുടർന്ന് സ്റ്റേഷനിൽ എത്തിയ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. തിരുവനന്തപുരം മംഗലപുരം എസ് ഐക്കെതിരെ പരാതിയുമായി എത്തിരിക്കുന്നത് മാടൻവിള സ്വദേശിയായ ജഹാംഗീർ ആണ്. റൂറൽ എസ് പിയ്ക്കും മനുഷ്യാവകാശ കമ്മീഷനും ജഹാംഗീര്‍ പരാതി നൽകി.
കഴിഞ്ഞ ഇരുപത്തിയഞ്ചാം തീയതി ജഹാംഗീർ ഓടിച്ചിരുന്ന വാഹനം ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് മംഗലപുരം ജംഗ്ഷനില്‍വെച്ച് മുന്നിലുണ്ടായിരുന്ന കാറിൽ തട്ടി. തുടര്‍ന്ന് വാക്ക് തര്‍ക്കമുണ്ടാവുകയും ജഹാംഗീർ മംഗലപുരം പൊലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു. എതിർഭാഗത്തിന് മുപ്പതിനായിരം രൂപ നൽകണമെന്നാണ് പൊലീസ് സ്റ്റേഷനില്‍വെച്ച് അവർ ആവശ്യപ്പെട്ടതെന്ന് ജഹാംഗീര്‍ പറഞ്ഞു. എന്നാല്‍ ഇന്‍ഷുറന്‍സ് വഴി അറ്റകുറ്റപ്പണി നടത്തട്ടേ എന്ന് താന്‍ പറഞ്ഞതാണ് എസ് ഐ മര്‍ദിക്കാന്‍ കാരണമെന്ന് ജഹാംഗീര്‍ പറഞ്ഞു. മര്‍ദനമേറ്റതോടെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികില്‍സ തേടിയെന്നും ഡോക്ടർമാർ തലയ്ക്ക് ശസ്ത്രക്രിയ നിർദ്ദേശിച്ചുവെന്നും ജഹാംഗീര്‍ പറഞ്ഞു