കോഴിക്കോട് താമരശേരി പുതുപ്പാടി സര്‍ക്കാര്‍ ഹൈസ്‌കൂളിൽ ഒൻപതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ക്രൂര മർദനം. മർദനമേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോകാൻ അധ്യാപകർ തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു. രക്ഷിതാക്കൾ വന്ന ശേഷം ആശുപത്രിയിൽ പോയാൽ മതിയെന്ന് കുട്ടി തന്നെയാണ് പറഞ്ഞതെന്നും, സംഭവം ഒതുക്കി തീർക്കാൻ ശ്രമിച്ചിട്ടില്ലെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് പുതുപ്പാടി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാർത്ഥികൾ മർദിച്ചത്. പത്തോളം പേർ ചേർന്ന് തലയിലും തോളിലും ഇടിച്ചു. കണ്ണിൽ കുത്തി പരിക്കേൽപ്പിച്ചു. കണ്ണിന് ഇപ്പോഴും വേദന ഉണ്ടെന്ന് മർദനമേറ്റ പതിനാലുകാരൻ മനോരമ ന്യൂസിനോട് പറഞ്ഞു.
മർദനമേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോകാൻ അധ്യാപകർ ശ്രമിക്കില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. പരാതി ഇല്ലാതെ കേസ് ഒതുക്കാൻ സ്‌കൂൾ അധികൃതർ ശ്രമിച്ചെന്നും ആരോപണം.
രക്ഷിതാക്കളുടെ ആരോപണം സ്‌കൂൾ അധികൃതർ നിഷേധിച്ചു. കേസ് ഒതുക്കി തീർക്കാൻ നോക്കിയിട്ടില്ല. രക്ഷിതാക്കൾ വന്ന ശേഷം ആശുപത്രിയിൽ പോയാൽ മതിയെന്ന് കുട്ടി തന്നെയാണ് പറഞ്ഞതെന്നും ഹെഡ് മാസ്റ്റർ വ്യക്തമാക്കി. സംഭവത്തിൽ നാല് വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സ്‌കൂളിൽ നിന്ന് ലഭിച്ച പരാതിയിൽ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.