നടിയുടെ പരാതിയിൽ എടുത്ത ലൈംഗികാധിക്ഷേപക്കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ബോബി ചെമ്മണ്ണൂർ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്. ദ്വയാർത്ഥ പ്രയോഗങ്ങൾ നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
കൊച്ചി സെൻട്രൽ പൊലീസ് എടുത്ത കേസിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ലൈംഗികാധിക്ഷേപത്തിന് പുറമേ പിന്തുടർന്ന് ശല്യം ചെയ്തതിനുള്ള കുറ്റവും ബോബി ചെമണ്ണൂരിനെതിരെ ചുമത്തിയിട്ടുണ്ട്. ബോബി ചെമ്മണ്ണൂർ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്. ദ്വയാർത്ഥ പ്രയോഗങ്ങൾ നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
സമൂഹമാധ്യമങ്ങളിലൂടെ പലർക്കുക്കെതിരെ ബോബി നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇതടക്കമുള്ള തെളിവുകളാണ് കുറ്റപത്രത്തിൽ ബോബിക്കെതിരെ ഉള്ളത്. ബോബി ചെമ്മണ്ണൂരിന്‍റെ അഭിമുഖങ്ങളുടെ വിഡിയോ ക്ലിപ്പുകളും, നടിയുടെ രഹസ്യമൊഴിയും, സാക്ഷി മൊഴികളുമാണ് കേസിൽ നിർണായകം.
ജനുവരി ഏഴിനാണ് ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതി നൽകുന്നത്. ഉടൻ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ബോബി ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളി. തുടർന്ന് കർശന ഉപാധികളോടെ കേസിൽ ബോബിക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷം ജയിലിൽ നിന്നും പുറത്തിറങ്ങാതിരുന്നതിന് കോടതി ബോബിയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു.