എറണാകുളം മുനമ്പം പള്ളിപ്പുറത്ത് നടുറോഡിൽ വച്ച് ഭർത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തിയ സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. സ്കൂട്ടറിനുള്ളില്‍ കരുതിയിരുന്ന കത്തി എടുത്താണ് പ്രതി ഭാര്യയെ കുത്തിയതെന്നാണ് വിവരം. പനമ്പിള്ളി നഗർ സ്വദേശിനി പ്രീതയാണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം പ്രതി സുരേഷ് തോമസ് പൊലീസിൽ കീഴടങ്ങി.
ഇന്നലെ രാത്രി എട്ടുമണിയോടെ മുനമ്പം പള്ളിപ്പുറം സെന്റ് മേരീസ് സ്കൂളിന് സമീപത്ത് വെച്ചായിരുന്നു കൊലപാതകം. ആക്രമണം നടക്കുമ്പോള്‍ പ്രീത സ്കൂട്ടറില്‍ നിന്ന് ഇറങ്ങിയോടിയെങ്കിലും സുരേഷ് പിന്തുടര്‍ന്നെത്തി കുത്തുകയായിരുന്നു. വീട്ടിലേക്ക് വരുന്നതിനിടെയാണ് സ്കൂട്ടറിൽ വച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതും കൊലപാതകത്തില്‍ കലാശിച്ചതും.
സുരേഷ് സ്കൂട്ടറിൽ കത്തി കരുതിവച്ചിരുന്നു. പ്രീതയുടെ കഴുത്തിന് പിന്നിലും നെഞ്ചിലും ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ പ്രീതയെ വീട്ടുകാർ ചേർന്ന് കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിൽപ്പോയ പ്രതി പിന്നീട് മുനമ്പം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒരു വർഷം മുൻപായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.